ഡോക്ടർമാർ നാല്, നഴ്സുമാർ എട്ട്, 540 കിടക്കകളിൽ 50 കോവിഡ് രോഗികൾ മാത്രം

കാഞ്ഞങ്ങാട്: ചട്ടഞ്ചാൽ തെക്കിൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ട് 4 മണിവരെ ചികിത്സയിലുള്ള കോവിഡ് രോഗികൾ 50. ഏതാനും ചിലർ ഇന്നലെ ഡിസ്ചാർജ്ജായി ആശുപത്രി വിട്ടു.  ജില്ലാശുപത്രി പഴയപടിയാകുന്നതിനെ തുടർന്ന് ജില്ലാശുപത്രിയിൽ നിന്നെത്തിയ രണ്ട് രോഗികളെ കൂടി ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് രോഗികളുടെ എണ്ണം അമ്പതായത്. ഇതുവരെ 160 രോഗികൾക്ക് ടാറ്റാആശുപത്രിയിൽ തിങ്കളാഴ്ച ചികിത്സ നൽകി. 110 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.

540 കിടക്കകളുള്ള കോവിഡ് ആശുപത്രിയിൽ 50 രോഗികൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, ഡോക്ടർമാരുടെയും, നഴ്സുമാരുടെയും കുറവുമാണ് രോഗികൾക്ക് ചികിത്സ ഒരുക്കുന്നതിൽ നേരിടുന്ന പ്രധാന വെല്ലുവിളി. അത്യാഹിത വിഭാഗം പ്രവർത്തനസജ്ജമാവുന്നത് ടാറ്റാആശുപത്രി പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഒരേ സമയം നൂറിലേറെ രോഗികൾക്ക് ചികിത്സ നൽകാനുള്ള സംവിധാനത്തോടെ നിർമ്മാണം പൂർത്തീകരിച്ചുവെങ്കിലും, യന്ത്രസാമഗ്രികളെത്താത്തത് തിരിച്ചടിയായി. അത്യാഹിത വിഭാഗത്തിലേക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ യുദ്ധകാലാടിസ്്ഥാനത്തിലെത്തിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

ട്രാൻസ്ഫോമറും ജനറേറ്ററും അടുത്ത ആഴ്ച പ്രവർത്തനസജ്ജമാകുന്നതോടെ അത്യാഹിത വിഭാഗം തുറക്കും. പിഎസ്്സി വഴി കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാനും നീക്കം നടക്കുന്നു. 4 ഡോക്ടർമാർ സേവനം ചെയ്യുന്നതിൽ, രണ്ട് പേർ മാത്രമേ കോവിഡ് ആശുപത്രിയിലെ സ്ഥിരം ഡോക്ടർമാരായുള്ളൂ. കാസർകോട് ജനറൽ ആശുപത്രിയിലെ എട്ട് ഡോക്ടർമാർ കോവിഡ് ആശുപത്രിയിൽ താമസിച്ച് തുടർച്ചയായി 14 ദിവസം ജോലി ചെയ്യും. 8 േപരടങ്ങുന്ന മറ്റൊരു ബാച്ച് നഴ്സുമാർ 14 ദിവസം കഴിഞ്ഞ് പകരമെത്തുകയാണ് പതിവ്.

കുഴൽക്കിണർ വെള്ളത്തെയാണ് ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത്. കുടിവെള്ളം പൈപ്പ് ലൈൻ വഴിയെത്തിക്കാൻ ദ്രുതഗതിയിൽ പൈപ്പിടൽ ജോലി നടക്കുകയാണ്. ദേശീയപാതയിൽ നിന്നും എളുപ്പമെത്താൻ കോവിഡ് ആശുപത്രിയിലേക്കുള്ള റോഡ് നിർമ്മാണം പുരോഗമിക്കുന്നു. നാല് ആംബുലൻസുകൾ കോവിഡ് ആശുപത്രിയലേക്ക് മാത്രമായുണ്ട്. മറ്റ് ആശുപത്രികളിൽ നിന്നും കൂടുതൽ രോഗികളെ ടാറ്റാ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകാൻ അടുത്തയാഴ്ച മുതൽ കഴിയുമെന്നാണ് പ്രതീക്ഷ.

LatestDaily

Read Previous

മണിമണി പോലെ കുതിക്കാൻ മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് ഇടതു അധ്യക്ഷ സ്ഥാനാർത്ഥി

Read Next

അലിക്ക് കന്നിപ്പോരാട്ടം