ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മറിമായത്തിന് പിന്നിൽ ബേക്കൽ പോലീസ് ∙ സംഭവം 2023 ഒക്ടോബർ 26-ന് പാതിരായ്ക്ക്
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കോടതി കസ്റ്റഡിയിൽ സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടിമണൽ പോലീസ് മണൽമാഫിയയ്ക്ക് മറിച്ചുവിറ്റു. നടുങ്ങുന്ന ഈ മറിമായത്തിന് പിന്നിൽ കരുക്കൾ നീക്കിയത് ബേക്കൽ പോലീസ്.
സംഭവം ഇങ്ങനെ:
2023 ഒക്ടോബർ 26-ന് അർദ്ധരാത്രി സമയം 12 മണി . ബേക്കൽ പോലീസ് സ്റ്റേഷന് തൊട്ട് തെക്കുഭാഗത്തുള്ള ഒഴിഞ്ഞ തെങ്ങുംപറമ്പിൽ സൂക്ഷിച്ചിരുന്ന മണൽച്ചാക്കുകൾ നിറച്ച വണ്ടികൾ കൊണ്ടുപോകാൻ രാത്രിയിൽ ഒരു ക്രെയിൻ സ്റ്റേഷൻ പരിസരത്തെത്തുന്നു. രണ്ട് ഒമിനി വാനുകൾ, ഒരു പിക്കപ്പ്, നാല് ടിപ്പർ ലോറികൾ എന്നിവയിൽ ബോഡിക്ക് പുറത്തുകാണത്തക്കവിധം നിറയെ മണൽച്ചാക്കുകളുണ്ടായിരുന്നു.
ടിപ്പർ ലോറികൾ നാലെണ്ണം ഓടിച്ചാണ് സ്റ്റേഷൻ പരിസരത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോയത്. ഇവയിൽ ഒരു ടിപ്പറിന്റെ നമ്പർ കെ.എൽ.46-867 മറ്റൊന്ന് കെ.എൽ.59-5755. പിക്കപ്പും, രണ്ട് ഒമിനിയും ക്രെയിനിൽ കയറ്റിയാണ് കൊണ്ടുപോയത്.
കാസർകോട് ഏആർ ക്യാമ്പ് പരിസരത്ത് പോലീസ് പിടികൂടുന്ന തൊണ്ടിമുതലുകളായ വാഹനങ്ങൾ ഉപേക്ഷിക്കുന്നിടത്തേക്ക് പോകുന്നതിന് പകരം ഈ ടിപ്പർ ലോറികൾ നാലെണ്ണവും പിക്കപ്പുകളും പാതിരായ്ക്ക് എത്തിയത് മേൽപ്പറമ്പ കട്ടക്കാലിൽ നിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിലുള്ള ഒറവങ്കരയിലാണ്.
ഇവിടെ ഒരു വൻ മണൽ ലോബിയുടെ ഗോഡൗണിലാണ് 4 ടിപ്പർ ലോറികളിലുണ്ടായിരുന്ന മണൽ മുഴുവൻ ഇറക്കിക്കൊടുത്തത്. ശേഷം അന്ന് പുലർച്ചെയോടെ നാലു ടിപ്പർ ലോറികളും കാസർകോട് ഏആർ ക്യാമ്പ് പരിസരത്തെത്തിയത് ഒരു തരി മണൽപോലും ബാക്കി വെക്കാത്ത കാലി ലോറികളായാണ്. രണ്ട് പിക്കപ്പ് വാനുകളിൽ മൊത്തം 56 ചാക്ക് മണലുണ്ടായിരുന്നു. പാതിരായ്ക്ക് പിക്കപ്പ് വാനുകളെ ക്രെയിൻ വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ചിലർ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ ലേറ്റസ്റ്റിന് ലഭിച്ചു.
പോലീസ് പിടികൂടി കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടി മുതലുകൾ പ്രത്യേകിച്ച് മണൽലോറികൾ മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ സ്റ്റേഷനിലുള്ള ഒരു പോലീസുദ്യോഗസ്ഥനെ മണൽലോറിയിൽ എസ്കോർട്ട് അയക്കണമെ ന്നുണ്ടെങ്കിലും, ഒക്ടോബർ 26-ന് ബേക്കൽ പോലീസ് കാസർകോട്ടേക്കയച്ച മണൽ നിറച്ച വാഹനങ്ങൾക്ക് ആരെയും എസ്കോർട്ട് അയച്ചിരുന്നില്ലെന്നതാണ് പോലീസിന്റെ ഈ തൊണ്ടിമണൽ മറിച്ചുവിൽക്കൽ നാടകത്തിന്റെ അണിയറ രഹസ്യം.
മാത്രമല്ല, അയക്കുന്ന തൊണ്ടി മണൽ ചാക്കുകളുടെയും വാഹനങ്ങളുടെയും കൃത്യമായ പട്ടികയും സ്റ്റേഷനിൽ നിന്ന് ഏആർ ക്യാമ്പിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഔദ്യോഗികമായി ഏൽപ്പിക്കണമെങ്കിലും, ഈ തൊണ്ടി മണൽ മറിച്ചുവിൽക്കലിൽ അതൊന്നുമുണ്ടായില്ല. ഏആർ ക്യാമ്പിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ആരും കാണാത്തിടത്ത് അക്കേഷ്യ മരങ്ങളുള്ള കാട്ടുമൂലയിലാണ് മണൽവണ്ടികൾ ഇപ്പോൾ തള്ളിയിട്ടിട്ടുള്ളത്.
ബേക്കൽ സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയ തൊണ്ടി മുതൽ കെ.എൽ .59-5755 പിക്കപ്പിൽ 56 ചാക്ക് മണലുണ്ടായിരുന്നുവെങ്കിലും, കാസർകോട്ടെ ട്രഞ്ചിംഗ് മൈതാനിയിലെത്തിയപ്പോൾ വെറും 6 ചാക്കുകൾ മാത്രമായിരുന്നു. ശേഷിച്ച 50 ചാക്ക് മണലും പാതിരായ്ക്ക് തട്ടിയത് മേൽപ്പറമ്പ ഒറവങ്കരയിൽ നിർമ്മാണം നടക്കുന്ന വീടിന് മുന്നിലാണ്.
ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാംകോടതി കസ്റ്റഡിയിൽ ഭദ്രമായി സൂക്ഷിക്കാൻ ബേക്കൽ പോലീസിന് രേഖാമൂലം ഏൽപ്പിച്ച തൊണ്ടി മുതലുകളായ വാഹനവും മണലുമാണ് പോലീസ് അതി നാടകീയമായി ഒറവങ്കരയിലെ മണൽ മാഫിയയ്ക്ക് മറിച്ചുവിറ്റത്. ഉദ്ദേശം ഒന്നര ലക്ഷം രൂപയുടെ മണൽ മറിച്ചു വിറ്റിട്ടുണ്ട്. മണൽ വണ്ടികൾ കടത്താൻ ഉപയോഗിച്ച ക്രെയിൻ മേൽപ്പറമ്പ സ്വദേശിയായ ഒരു സിറാജിന്റേതാണ്.