അബ്ദുൾ അസീസ് മരണത്തിന് കീഴടങ്ങി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സ്വകാര്യ ബസിൽ കുഴഞ്ഞുവീണ്  ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന പടന്നക്കാട് സ്വദേശിയുടെ  ജീവനുവേണ്ടിയുള്ള പ്രാർത്ഥനകളെല്ലാം വിഫലമായി. മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെയാണ് പടന്നക്കാട്ടെ 68 കാരൻ   അസീസ് വിധിക്ക് കീഴടങ്ങിയത്.

ഫെബ്രുവരി 5ന് രാവിലെ 9 മണിയോടെയാണ്  റാഷിദ് മൻസിലിലെ അബ്ദുൾ അസീസ് 68, സ്വകാര്യ ബസിൽ കുഴഞ്ഞുവീണത്.  ഭാര്യ ബീഫാത്തിമയോടൊപ്പം ജില്ലാശുപത്രിയിലേക്ക് പോകാൻ  പടന്നക്കാട് നിന്നും ബസിൽ കറിയ ഇദ്ദേഹം യാത്രക്കിടെ ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ചീമേനി പള്ളിപ്പാറയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ഫിനിക്സ് സ്വകാര്യ ബസിൽ   കുഴഞ്ഞു വീണ യാത്രക്കാരനെ ബസ് ഡ്രൈവർ ശ്രീനിവാസനും, കണ്ടക്ടർ പള്ളിപ്പാറയിലെ അനിൽകുമാറും ചേർന്ന് അതേ ബസിൽ തന്നെ ജില്ലാശുപത്രിയിലെത്തിച്ചിരുന്നു. നാഡീമിടിപ്പ് ദുർബ്ബലമായ അവസ്ഥയിലായിരുന്നു അബ്ദുൾ അസീസിനെ ആശുപത്രിയിലെത്തിച്ചത്. 

പ്രാഥമിക പരിശോധനയ്ക്ക് ശേഷം  ഡോക്ടർ മരിച്ചെന്ന് വിധിയെഴുതി ഇന്റിമേഷൻ തയ്യാറാക്കിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ശരീരത്തിൽ  ജീവന്റെ നേരിയ ലാഞ്ചന  വീണ്ടും പ്രത്യക്ഷപ്പെട്ടു. ആശുപത്രിയിലുണ്ടായിരുന്ന ഹൃദ്രോഗവിദഗ്ധയായ ഡോക്ടർ ഉടൻതന്നെ കുതിച്ചെത്തി അടിയന്തിര ശുശ്രൂഷ നൽകി രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നിരുന്നു.

രക്തയോട്ടം നിലച്ചതിനെത്തുടർന്നുണ്ടായ  അപകടാവസ്ഥ പരിഹരിക്കാൻ അബ്ദുൾ അസീസിനെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.  മംഗളൂരുവിൽ തീവ്ര  പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയുമെല്ലാം പ്രാർത്ഥനകൾ വിഫലമാക്കി മരണത്തിന് കീഴടങ്ങി.  റസീന, സബീന, ബഷീർ, റാഷിദ് എന്നിവർ മക്കൾ. മരുമക്കൾ: റഷീദ്, ശരീഫ്.

LatestDaily

Read Previous

മയക്കുമരുന്ന് കേസിൽ അതിഞ്ഞാൽ സ്വദേശിക്ക് വേണ്ടി തെരച്ചിൽ

Read Next

സുഹൈറ തൂങ്ങിമരണം അഭിനയിച്ചത് ഭർത്താവിനെ ഭയപ്പെടുത്താൻ