മണിമണി പോലെ കുതിക്കാൻ മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് ഇടതു അധ്യക്ഷ സ്ഥാനാർത്ഥി

കാഞ്ഞങ്ങാട്‌: ബ്ലോക്ക്‌ പഞ്ചായത്തിൽ പാക്കം ഡിവിഷനിൽ എൽ.ഡി.എഫിനായി ഇക്കുറി മാറ്റുരക്കുന്നത്‌ നേതൃമികവിന്റെ യുവത്വക്കരുത്ത്‌.  സിപിഎം ഏരിയാസക്രട്ടറി കെ മണികണ്‌ഠൻ പ്രചാരണത്തിലും, ഏറെ മുന്നേറി.  ഭരണം ലഭിച്ചാൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റാകുമെന്ന്‌ ഉറപ്പുള്ള മണികണ്‌ഠന്റെ ഭൂരിപക്ഷം എത്രയെന്ന്‌ കണക്കു കൂട്ടുകയാണ്‌ എൽഡിഎഫ്‌ പ്രവർത്തകർ.

ബാലസംഘത്തിലൂടെയും എസ്എഫ്ഐയിലൂടെയുമാണ്‌ മണിക്ണഠൻ നേതൃനിരയിലെത്തിയത്‌. ഡിവൈഎഫ്ഐ ജില്ലാ സിക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.  പാർട്ടി ശക്തികേന്ദ്രമായ ഉദുമയിൽ പ്രായം കുറഞ്ഞ ഏരിയാ സിക്രട്ടറി കൂടിയായിരുന്നു‌ മണികണ്‌ഠൻ.

നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ മണിക്ണഠൻ പള്ളിക്കര സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരനായിരിക്കെയാണ് പാർട്ടി ഏരിയാ സെക്രട്ടറിയുടെ ചുമതലയിലെത്തിയത്. ഇതോടെ ജോലി രാജിവെച്ച് പൂർണ്ണസമയ പാർട്ടി നേതൃത്വത്തിലേക്കെത്തി. ഇതോടൊപ്പം യുവജന കമ്മീഷൻ അംഗം എന്ന നിലയിലും സംസ്ഥാനത്തെ വിവിധ യുവജന കർമ പരിപാടികളുടെ ആസൂത്രകനുമായി. ജില്ലയുടെ വിങ്ങുന്ന നോവായി ഇപ്പോഴും തുടരുന്ന എൻഡോസൾഫാൻ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ഇടപെട്ട നേതാവ്‌ കൂടിയാണ്‌ മണികണ്ഠൻ. മാരകവിഷം രാജ്യത്ത്‌ നിരോധിക്കാനും, ഇരകൾക്ക്‌ നഷ്ടപരിഹാരം ലഭ്യമാക്കാനും, ഇടയാക്കിയ സുപ്രീംകോടതി വിധി വന്നത്‌, ഡിവൈഎഫ്‌ഐ നൽകിയ കേസിനെ തുടർന്നാണ്‌.

കേസിൽ ജില്ലയിൽ നിന്നുള്ള ഹർജിക്കാരുടെ സത്യവാങ്മൂലം ദൽഹിയിലെത്തിക്കാനും അഭിഭാഷകരുമായി ചർച്ചയ്‌ക്ക് നേതൃത്വം കൊടുത്തവരിലും മണികണ്‌ഠനുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉന്നതരിൽ സംഘടനാ പരമായി തന്നെ ബന്ധമുള്ള മണികണ്‌ഠന്റെ വിജയം ബ്ലോക്ക്‌ പഞ്ചായത്തിന്റെ വികസനത്തിനും‌ മുതൽകൂട്ടാകുമെന്നാണ്‌ എൽഡിഎഫ്‌ പ്രവർത്തകരുടെ പക്ഷം. യുഡിഎഫ്‌ സ്ഥാനാർഥിയായിസുകുമാരൻ പൂച്ചക്കാടും ബിജെപി സ്ഥാനാർഥിയായി അശോകനും പാക്കം ഡിവിഷനിൽ മത്സരിക്കുന്നു.
കഴിഞ്ഞ തവണ എൽഡിഎഫ് നാലായിരത്തിൽപ്പരം ഭൂരിപക്ഷത്തിൽ വിജയിച്ച ഡിവിഷൻ കൂടിയാണ് പാക്കം.

LatestDaily

Read Previous

ലീഗ്-കോൺഗ്രസ് വിമതരെ പാർട്ടി പുറത്താക്കി

Read Next

ഡോക്ടർമാർ നാല്, നഴ്സുമാർ എട്ട്, 540 കിടക്കകളിൽ 50 കോവിഡ് രോഗികൾ മാത്രം