വ്യാജ ഐഡി കാർഡ് കേസ്സിൽ കുടുക്കിയത് ഈസ്റ്റ് എളേരിയിലെ എതിർഗ്രൂപ്പെന്ന് ജെയ്സൺ മുകളേൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന   ഭാരവാഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റജിസ്റ്റർ ചെയ്ത വ്യാജ ഐഡി കാർഡ് കേസ്സിൽ തന്നെ കുടുക്കിയതാണെന്ന്  കേസ്സിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ. ഈസ്റ്റ് എളേരി പഞ്ചായത്തിൽ നടക്കുന്ന കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ബലിയാടാണ് താനെന്നും, വ്യാജ ഐഡി കാർഡുണ്ടാക്കിയ സംഘം തന്നെയും കുടുക്കിയതാണെന്നും ജയ്സൺ മുകളേൽ അവകാശപ്പെട്ടു.

വ്യാജ ഐഡി കേസ്സിലേക്ക് തന്റെ പേര് വലിച്ചിഴച്ച് മാധ്യമങ്ങളെ അറിയിച്ചത് ഈസ്റ്റ് എളേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും ഇദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടവുമായി തനിക്ക് വ്യക്തിപരമായി യാതൊരു അടുപ്പവുമില്ലെന്നും, തങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നാണ് ജെയ്സൺ മുകളേൽ ലേറ്റസ്റ്റിനെ അറിയിച്ചത്.

കോൺഗ്രസ്സിലെ ഗ്രൂപ്പ് വൈരാഗ്യത്തിൽ താൻ ബലിയാടാക്കപ്പെട്ടുവെന്നും, ഇദ്ദേഹം പരാതിപ്പെട്ടു. തന്റെ തൊഴിലും ജീവിതവും തകർത്ത വിവാദത്തിന്റെ സൃഷ്ടാക്കൾ ഈസ്റ്റ് എളേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും ജയ്സൺ പറഞ്ഞു. ഏഴ് പ്രതികളുള്ള യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്സിൽ ജയ്സണ് മാത്രമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യമനുവദിച്ചത്.

ഈസ്റ്റ് എളേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജയിംസ് പന്തമാക്കലിന്റെ അടുത്ത അനുയായിയായ ജയ്സണെ വ്യാജ ഐഡി കാർഡിൽ കുടുക്കിയതാണെന്ന വെളിപ്പെടുത്തൽ ഈസ്റ്റ് എളേരിയിലെ കോൺഗ്രസ്സിൽ പൊട്ടിത്തെറികൾക്ക് വഴിമരുന്നിടുമെന്ന് സൂചനയുണ്ട്.

LatestDaily

Read Previous

സുഹൈറയുടെ ആത്മഹത്യ കാരണം അവ്യക്തം

Read Next

ശുചീകരണമില്ലാതെ 6 മാസം; മഡിയനിൽ മാലിന്യം  കത്തിക്കുന്നു