വ്യാജ വിസ പ്രതികൾ റബ്ബർ സീലുണ്ടാക്കിയത് ബംഗളുരുവിൽ, ഒന്നാം പ്രതി തൃക്കരിപ്പൂരിലെ അബ്രാർ കൊറിയൻ മലയാളി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ബേഡകം പോലീസിന്റെ പിടിയിലായ വ്യാജ വിസ പ്രതികൾ റബ്ബർ സീലുകളും സർട്ടിഫിക്കറ്റുകളും ഉണ്ടാക്കിയത് ബംഗളുരുവിൽ. വിവിധ കോളേജുകളുടെയും ഇതര സ്ഥാപനങ്ങളുടെയും സർട്ടിഫിക്കറ്റുകൾക്കൊപ്പം 37 റബർ സീലുകളാണ് പ്രതികളിൽ നിന്ന് പോലീസ് പിടികൂടിയത്.

പടന്നയിലെ ഷറഫ് കോളേജ്, കോഴിക്കോട് എംഇഎസ് കോളേജ്,  എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാജ സർട്ടിഫിക്കറ്റുകളും, റബർ സീലുകളും ഇവർ സഞ്ചരിച്ച കിയ കമ്പനിയുടെ കാറിൽ  നിന്നാണ് പിടികൂടിയത്. ബംഗളുരുവിൽ നിന്ന് വ്യാജ വിസകളും മറ്റുമായി സുള്ള്യ മാണിമൂല വഴി തൃക്കരിപ്പൂരിലേക്ക് കടക്കാനുള്ള പുലർകാല യാത്രയിലാണ് മൂന്നംഗ സംഘം പിടിയിലായത്.

 തൃക്കരിപ്പൂർ  ഉടുമ്പുന്തല ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന അഹമ്മദ് അബ്രാർ 26, ഉടുമ്പുന്തല ജുമാ മസ്ജിദ് പരിസരത്ത് താമസിക്കുന്ന എ.കെ. അബൂബക്കറിന്റെ മകൻ എ.എ സാബിദ് 25, പടന്നക്കാട് കരുവളം ഇ.എം.എസ് ക്ലബിനടുത്ത് താമസിക്കുന്ന ഇക്ബാലിന്റെ മകൻ കെ.വി മുഹമ്മദ്  സഫ്്വാൻ 25, എന്നിവരെയാണ് നിരവധി വ്യാജ രേഖകളുമായി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ ഒന്നാം പ്രതി മുഹമ്മദ് അബ്രാർ കഴിഞ്ഞ മൂന്നു വർഷക്കാലമായി ഉത്തര കൊറിയയിൽ ജോലിനോക്കുന്നു. കൊറിയയിലെ സ്ഥാപനങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജ  വിസയും നിർമ്മിക്കാനുള്ള ഗൂഢ ശ്രമത്തിന്  മുമ്പുള്ള ഒരുക്കത്തിലാണ് മൂന്ന് പ്രതികളും വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാനുള്ള സർട്ടിഫിക്കറ്റിന്റെ കോപ്പിയും, ഈ സർട്ടിഫിക്കറ്റുകളിൽ പതിക്കാനുള്ള കോളേജുകളുടെ റബർ സീലുകളും നിർമ്മിച്ചത്.

കൊറിയൻ നിർമ്മിതമായ പുത്തൻ കിയ കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. പ്രതികളേയും കാറും വ്യാജ രേഖകളും മറ്റും ബേഡകം പോലീസ് കാസർകോട് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ ഹാജരാക്കി. സർട്ടിഫിക്കറ്റുകളുടെ സൂത്രധാരൻ ഉടുമ്പുന്തലയിലെ അഹമ്മദ് അബ്രാനാണ്. മൂന്ന് ഇന്ത്യൻ പാസ്പോർട്ടുകളും ഒരു ആപ്പിൾ ലാപ്ടോപ്പും പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്.

LatestDaily

Read Previous

ഗണേഷ് ഭവൻ ഉടമ അനന്തരായൻ അന്തരിച്ചു

Read Next

ഹണിട്രാപ്പ് സംഘത്തിനെതിരെ വീണ്ടും തട്ടിപ്പുകേസ്