ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായ റഫീഖ് അതിഞ്ഞാലിലെ പാവം ക്രൂരൻ

സ്വന്തം ലേഖകൻ

അജാനൂർ: മാങ്ങാട് സ്വദേശിയായ സന്നദ്ധ പ്രവർത്തകനെ ഹണിട്രാപ്പിൽ കുടുക്കിയതിനെ തുടർന്ന്  കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴംഗ സംഘത്തിലുൾപ്പെട്ട അതിഞ്ഞാലിലെ റഫീഖ് അപകടം മനസിലാക്കാതെ തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട പാവം. പതിവായി അതിഞ്ഞാലിലും പരിസര പ്രദശങ്ങളിലും എന്ത് ജോലിയും  ചെയ്യാൻതയ്യാറുള്ള റഫീഖിനെ പലരും  സമീപിക്കാറുണ്ട്.

എന്ത് ജോലിയായാലും ഏത് കാലാവസ്ഥയിലും അടിയന്തിര ഘട്ടത്തിൽ അതിഞ്ഞാലിൽ വന്നാൽ റഫീഖിനെ കാണാം. കെഎസ്ടിപി റോഡിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം സ്വയം ഏറ്റെടുത്ത് നടത്താറുള്ള റഫീഖ് ആവശ്യമുള്ളവർക്ക് രക്തദാനം നൽകി മാതൃകയാവാറുണ്ട്.

ഒരു വിവാഹ ചടങ്ങിനിടെയാണ് പ്രതികളിലൊരാളായ ദിൽഷാദ് റഫീഖിനെ പരിചയപ്പെടുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന അരോഗ ദൃഢഗാത്രനായ  റഫീഖിനെ ഹണിട്രാപ്പ് സംഘം ദുരുപയോഗം ചെയ്യാനുള്ള  ഉദ്ദേശ്യത്തോടെ ഒപ്പംകൂട്ടുകയായിരുന്നു. എന്നാൽ റഫീഖിന് ഹണി ട്രാപ്പ് സംഘത്തിന്റെ ലക്ഷ്യം തിരിച്ചറിയാൻ സാധിച്ചതുമില്ല. 4 പൊറോട്ടയും ബീഫുമാണ് റഫീഖിന് പ്രതിഫലമായി സംഘം നൽകിയിരുന്നത്.

അതേസമയം ഗൂഢാലോചനയുമായോ മറ്റു സംഭവങ്ങളുമായോ റഫീഖിന് ബന്ധമൊന്നുമില്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി  റഫീഖിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

LatestDaily

Read Previous

ചെറുവത്തൂർ മദ്യശാല മടക്കരയിലേക്ക് മാറ്റാൻ നീക്കം

Read Next

കായിക താരങ്ങളെ വഞ്ചിച്ച ട്രാവല്‍സ് സ്ഥാപനത്തിനെതിരെ കേസ്