മാണിക്കോത്ത് ഉറൂസ്സ് സംയുക്ത ജമാഅത്ത് നേതാക്കളെ മാറ്റി നിർത്തി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തുമായി നിസ്സഹകരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംയുക്ത ജമാഅത്തിന്റെ ഭാരവാഹികളെ  പൂർണ്ണമായി ഒഴിവാക്കി മാണിക്കോത്ത് മഖാം ഉറൂസ്സ് ആരംഭിച്ചു. മാണിക്കോത്ത് മഖാമിൽ അന്ത്യ വിശ്രമം  കൊള്ളുന്ന ഖാസി ഹസൈനാർ വലിയുള്ളാഹിയുടെ പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉറൂസ്സ് പരിപാടി സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ പൂർണ്ണമായും മാറ്റി നിർത്തിയാണ് ആരംഭിച്ചത്.

ഇതര മതാചാരം പരസ്യമായി നടത്തി ദീനി വിശ്വാസത്തെ കളങ്കപ്പെടുത്തിയ വ്യക്തികളെ സംയുക്ത ജമാഅത്തിൽ  തുടരാൻ അനുവദിക്കരുതെന്ന മഹല്ലിലെ ജന സാന്ദ്രതക്കനുസരിച്ച് സംയുക്ത ജമാഅത്ത് വാർഷികപൊതു യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രാധാന്യം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടെരു കത്ത് മാണിക്കോത്ത് മഹല്ല് കമ്മിറ്റി സംയുക്ത ജമാഅത്തിന് നൽകിയിരുന്നു.

ഈ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാവുന്നതു വരെ  സംയുക്ത ജമാഅത്തുമായി യാതൊരു വിധത്തിലുള്ള സഹകരണവും തുടരേണ്ടതില്ലെന്നാണ് മാണിക്കോത്ത് മഹല്ല് പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് സംയുക്ത ജമാഅത്തിന്റെ ഭാരവാഹികളെ ഉറൂസ്സ് പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയത്.

ദീനി സംഘടനക്ക് നേതൃത്വം നൽകുന്നവർ അന്യമതാചാരം പരസ്യമായി പ്രകടിപ്പിക്കാനുള്ള  ചുമതല ഏറ്റെടുക്കുന്നതിലൂടെ  ദുർബല മനസ്ക്കരായ വിശ്വാസികളെ ചൂഷണം ചെയ്യുകയും സ്വയം നാശത്തിലേക്ക് തള്ളിയിടുകയും ചെയ്യുകയാണെന്ന് സയ്യിദ് കുടുംബാംഗമായ മാണിക്കോത്ത് ജമാഅത്ത് മുൻ ഭാരവാഹി പറഞ്ഞു.

കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ്സ് പരിപാടി ഉൽഘാടനം ചെയ്യുന്നതിന് പകരം ജമാഅത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ സമസ്ത നേതാവ് കൊയ്യോട് പി.വി. ഉമർ മുബാറാക്കാണ് ഉൽഘാടനം നിർവ്വഹിച്ചത്. 22 ന് അന്നദാനത്തോടു കൂടിയാണ് ഉറൂസ്സ് പരിപാടി സമാപിക്കുന്നത്.

LatestDaily

Read Previous

വി.എം മുനീറിനെതിരെ നടപടിക്ക് സാധ്യത, സ്ഥിരം സമിതിയുടെ അധ്യക്ഷ പദവിക്കായി മമ്മു ചാല രംഗത്ത്

Read Next

നദ്ദ വന്നില്ല; പകരം ഗോവ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി മുരളീധരനും  കെ സുരേന്ദ്രനും കാസർകോട്ടെത്തി