ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല നാളെ; ലക്ഷങ്ങൾ അണിനിരക്കും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കേന്ദ്ര അവഗണയ്ക്കെതിരെ ഇടതു യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യ ച്ചങ്ങലയിൽ ലക്ഷങ്ങൾ അണിചേരും. കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല വൈകുന്നേരം 6 മുതൽ ആരംഭിക്കും.

 5 മണിക്ക് കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള  ജനങ്ങൾ കേന്ദ്ര അവഗണയ്ക്കെതിരെ കൈകോർക്കും. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തത്.

സി.പി.എം ഇടതുവർഗ്ഗ ബഹുജന സംഘടനകളും ചങ്ങലയിൽ കണ്ണികളാകുമെന്ന് പ്രഖ്യാപിച്ചതോടെ  സർക്കാരിനെതിരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി മനുഷ്യച്ചങ്ങല മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റെയിൽവേ മേഖലയിൽ   കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന കേന്ദ്ര വിഹിതം പിടിച്ച് വെക്കുന്ന നിലപാട്, തൊഴിലില്ലായ്മ മുതലായ വിഷയങ്ങളിലാണ് ഡി.വൈ.എഫ്.ഐ ചങ്ങല.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മനുഷ്യച്ചങ്ങലയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാന മന്ത്രി ഇടപെട്ടുവെന്ന നീതി ആയോഗിന്റെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന് പിന്നാലെ  നടക്കുന്ന മനുഷ്യച്ചങ്ങലയിൽ പ്രസ്തുത വെളിപ്പെടുത്തലും പ്രചാരണായുധമാക്കും.

ഫെബ്രുവരി 8ന്  രാജ്യ തലസ്ഥാനത്ത് എൽ.ഡി.എഫ് നടത്തുന്ന സമരത്തിൽ പങ്കെടുക്കില്ലെന്ന യു.ഡി.എഫ്  തീരുമാനവും രാഷ്ട്രീയായുധമാക്കും. കേന്ദ്ര അവഗണയ്ക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നിലമൊരുക്കൽ കൂടിയാണ്.

കേന്ദ്ര സർക്കാർ ഫണ്ടുകൾ വെട്ടിക്കുറച്ചതിനെതിരെ യു.ഡി.എഫ് പ്രതികരിക്കാത്ത  സാഹചര്യത്തിൽ യു,ഡി.എഫിനെ രാഷ്ട്രീയമായി  എതിർക്കാനുള്ള പിടിവള്ളികൂടിയാണ് മനുഷ്യച്ചങ്ങല. ജനുവരി 20ന് മനുഷ്യച്ചങ്ങലയും ഫെബ്രുവരി 8ന് കേന്ദ്രത്തിനെതിരെയുള്ള  സമരവും സംഘടിപ്പിച്ച് കേന്ദ്ര അവഗണന എന്ന വിഷയം ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സജീവമായി നിലനിർത്താനാണ് സി.പി.എം ലക്ഷ്യമിടുന്നത്. 

നവകേരള സദസിൽനിന്നും ലഭിച്ച മികച്ച പ്രതികരണം ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. നവകേരള സദസിന് ബദലായി കോൺഗ്രസ് പ്രഖ്യാപിച്ച വിചാരണ സദസുകൾ പരാജയമായതും സി.പി.എമ്മിന് രാഷ്ട്രീയ പ്രതീക്ഷയാണ്. നാളെ നടക്കുന്ന മനുഷ്യച്ചങ്ങലയിൽ വടക്കേയറ്റമായ കാസർകോട്ട് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയും  വടക്കേയറ്റമായ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ യുടെ ആദ്യപ്രസിഡന്റ്  ഇ.പി ജയരാജനും  മനുഷ്യച്ചങ്ങലയിൽ കണ്ണികളാകും.

LatestDaily

Read Previous

വിവരാവകാശ പ്രകാരം അപേക്ഷിച്ച വീട്ടമ്മക്ക് കൃഷി ഓഫീസർ നൽകിയത് വിവരമില്ലാത്ത മറുപടി

Read Next

വി.എം മുനീറിനെതിരെ നടപടിക്ക് സാധ്യത, സ്ഥിരം സമിതിയുടെ അധ്യക്ഷ പദവിക്കായി മമ്മു ചാല രംഗത്ത്