വിവരാവകാശ പ്രകാരം അപേക്ഷിച്ച വീട്ടമ്മക്ക് കൃഷി ഓഫീസർ നൽകിയത് വിവരമില്ലാത്ത മറുപടി

സ്വന്തം ലേഖകൻ

അജാനൂർ: വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച വീട്ടമ്മക്ക് അജാനൂർ കൃഷി ഓഫീസർ വിവരങ്ങളില്ലാത്ത മറുപടി നൽകി. ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച് നൽകിയ അപേക്ഷയിൽ സ്ഥല പരിശോധന നടത്തിയ കൃഷി ഓഫീസർ തെറ്റായ വിവരങ്ങൾ ആർ.ഡി.ഒ  ഓഫീസിലേക്ക് നൽകിയതിനെ തുടർന്ന് അപേക്ഷ നിരസിച്ചതിനാൽ, ഭൂവുടമയായ വീട്ടമ്മ കൃഷി ഓഫീസിൽ നിന്നും ആർ.ഡി.ഒ ഓഫീസിലേക്ക് അയച്ച റിപ്പോർട്ടിന്റെ പകർപ്പിന് ആവശ്യപ്പെട്ടപ്പോഴാണ് റിപ്പോർട്ടിന്റെ കോപ്പി ഓഫീസിൽ സൂക്ഷിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടി നൽകിയത്.

കേരള തണ്ണീർ തട സംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാൻ അർഹതയുള്ള അജാനൂർ വില്ലേജിലെ മുഹമ്മദ് ഹാജിയുടെ മകൾ എം. ആസ്യയുടെ ഉടമസ്ഥതയിലുള്ള റീസർവ്വേ 107/ 11ൽപ്പെട്ട 48 സെന്റ് തെങ്ങുംപറമ്പാണ് ഡാറ്റാ ബാങ്കിൽ നിന്നും മാറ്റിക്കിട്ടാതിരിക്കാനുള്ള  വ്യാജ വിവരങ്ങൾ എഴുതി പിടിപ്പിച്ച റിപ്പോർട്ട് ആർ.ഡി.ഒ ഓഫീസിലേക്ക് അയച്ചത്.

അപേക്ഷകയുടെ കൈവശമുള്ള ഭൂമി 50 വർഷം പഴക്കമുള്ള  തെങ്ങുള്ളതും ഗാർഹികാവശ്യത്തിന് മാത്രം അനുയോജ്യമായതുമാണ്. യഥാർത്ഥ വിവരങ്ങൾ മറച്ചു വെച്ചാണ് കൃഷി ഓഫീസർ ഈ ഭൂമി അടുത്ത കാലത്ത് മണ്ണിട്ടതാണെന്നും  തരിശായിക്കിടക്കുന്ന ഭൂമിയാണെന്നും ,വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെന്നും എഴുതി റിപ്പോർട്ട് ആർ.ഡി.ഒ യ്ക്ക് നൽകിയത്.

കൃഷി ഓഫീസറുടെ വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി തരം മാറ്റുന്നതിനുവേണ്ടി നൽകിയ അപേക്ഷ ആർ.ഡി.ഒ തീർപ്പാകാതെ മടക്കുകയായിരുന്നു. കൃഷി ഓഫീസറുടെ നടപടിക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുന്നതിന് വേണ്ടിയാണ് ഭൂവുടമയായ ആസ്യ വിവരാവകാശ നിയമപ്രകാരം ആർ.ഡി.ഒ യ്ക്ക് അയച്ച റിപ്പോർട്ടിന്റെ പകർപ്പിന് കൃഷി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചത്.

അപേക്ഷയ്ക്കുള്ള മറുപടിയായി പ്രസ്തുത റിപ്പോർട്ട് ഓൺലൈനായി  തയ്യാറാക്കിയാണ് നൽകിയതെന്നും, അതിന്റെ കോപ്പിയെടുത്ത് ഓഫീസിൽ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ പകർപ്പ് നൽകാൻ നിർവ്വാഹമില്ലെന്നും അപേക്ഷകയെ അറിയിച്ചിട്ടുള്ളത്. വിവരാവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം  മതിയായ കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ഉത്തരവാദപ്പെട്ട ഓഫീസർ പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടി വരുന്നതാണ്. അതിനിടെ അപൂർണ്ണമായ വിവരം നൽകിയ കൃഷി ഓഫീസർക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് മുമ്പിൽ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് ആസ്യ. 

LatestDaily

Read Previous

ചെറുവത്തൂരിൽ കൺസ്യൂമർ മദ്യശാല ഇനിയുണ്ടാവില്ല

Read Next

ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല നാളെ; ലക്ഷങ്ങൾ അണിനിരക്കും