ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
നീലേശ്വരം : ബിരിക്കുളത്ത് ക്വട്ടേഷൻ ആക്രമണം. രാത്രി പത്തരമണിക്ക് വീട്ടിലെത്തിയ രണ്ട് പോലീസുകാരടക്കം വിളിച്ചുകൊണ്ടുപോയ നാൽപ്പത്തിമൂന്നുകാരനായ പി. സുമേഷിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി അടിച്ച് ഇടതുകൈയ്യും രണ്ടു കാലുകളും പൂർണ്ണമായി തകർത്തു.
ബിരിക്കുളത്തെ മുൻ സൈനികൻ പെരിങ്ങേത്ത് ബാലചന്ദ്രന്റെ മൂത്ത മകൻ സുമേഷ് കൈയ്യും ഇരുകാലുകളും തകർന്ന നിലയിൽ തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 14-ന് ഞായർ രാത്രി 10 മണിക്ക് സുമേഷ് താമസിക്കുന്ന ബിരിക്കുളത്തെ വീട്ടിൽ യൂണിഫോം ധരിച്ച രണ്ട് പോലീസുകാരോടൊപ്പമെത്തിയ പനയാൽ സ്വദേശി ചന്ദ്രൻ, അട്ടക്കണ്ടം സ്വദേശി മുല്ലച്ചേരി ശശി 33, എന്നിവർ വാതിൽ മുട്ടിവിളിച്ച് സുമേഷിനെ പുറത്തിറക്കുകയും പോലീസുകാർക്കൊപ്പം ഉടൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ വരണമെന്നും ആവശ്യപ്പെട്ടു.
കാരണമെന്താണെന്ന് പോലീസുകാരോട് അന്വേഷിച്ചപ്പോൾ, സുമേഷിന്റെ പേരിൽ പരാതിയുണ്ടെന്നാണ് പോലീസ് വേഷത്തിലെത്തിയവർ പറഞ്ഞത്. ആരാണ് പരാതിക്കാരൻ എന്ന് ചോദിച്ചപ്പോൾ, അത് സ്റ്റേഷനിലെത്തിയിട്ട് പറയാമെന്ന് പോലീസ് വേഷം ധരിച്ചവരും ഒപ്പമുണ്ടായിരുന്ന ചന്ദ്രനും, മുല്ലച്ചേരി ശശിയും പറഞ്ഞു.
നാളെ സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞ സുമേഷിനെ നാലുപേരും ചേർന്ന് വീടിന് തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീടിനടുത്തേക്ക് തന്ത്രത്തിൽ വിളിച്ചുകൊണ്ടുപോയി ഇരുമ്പ് വടികൊണ്ട് അതിക്രൂരമായി ഇരുകാലുകളും ഇടതുകൈയ്യും അടിച്ച് തകർക്കുകയായിരുന്നു. സുമേഷിന്റെ നിലവിളി കേട്ട് സ്വന്തം മാതാവ് ലക്ഷ്മിക്കുട്ടി സെൽഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ നിലവിളി കേട്ട സ്ഥലത്ത് ഓടിയെത്തിയപ്പോൾ നിലത്ത് രക്തത്തിൽ കുളിച്ച് ഞരങ്ങിക്കിടക്കുന്ന മകനെയാണ് കണ്ടത്.
അപ്പോഴേയ്ക്കും നേരം രാത്രി 11മണി കഴിഞ്ഞിരുന്നു. ആംബുലൻസ് വരുത്തി സുമേഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചത് പുലർച്ചെ 3 മണിക്കാണ്. സുമേഷിന്റെ വീടിനടുത്ത് താമസിക്കുന്ന ഭർതൃമതിയായ യുവതി സ്ഥലത്ത് തന്നെയുള്ള ഒരു കല്ലുകെട്ട് യുവാവിനൊപ്പം പല സ്ഥലങ്ങളിലും പോകുന്ന വിവരം സുമേഷ് ഞായറാഴ്ച ഗൾഫിലുള്ള യുവതിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
ഈ സംഭവത്തിന് ശേഷം ഞായർ ഉച്ചയോടെ ഗൾഫിൽ നിന്ന് സുമേഷിനെ വിളിച്ച യുവതിയുടെ ഭർത്താവ് ശ്രീകാന്ത് 24 മണിക്കൂറിനകം ” നിനക്ക് കാണിച്ചുതരാമെന്ന്” സുമേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് രാത്രി തന്നെ 11 മണിയോടെ സുമേഷിനെ വീട്ടു പരിസരത്ത് രണ്ടംഗ സംഘം കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്തു.
സുമേഷിനെ ആക്രമിക്കാൻ നേതൃത്വം നൽകിയവരിൽ ഒരാളായ ചന്ദ്രൻ പനയാൽ, ഗൾഫിലുള്ള ശ്രീകാന്തിന്റെ സഹോദരീഭർത്താവാണെന്ന് കൈകാലുകൾ തകർന്ന സുമേഷ് പറഞ്ഞു. ചന്ദ്രൻ പെരിയാട്ടടുക്കത്ത് മൊബൈൽ കട നടത്തുന്നയാളാണ്. ചന്ദ്രനൊപ്പം അക്രമണത്തിൽ പങ്കെടുത്ത അട്ടക്കണ്ടത്തെ മുല്ലച്ചേരി ശശി പ്രവാസിയാണ്. സംഭവത്തിന് ശേഷം ശശി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട്. ചന്ദ്രൻ ഒളിവിലാണ്.
കൈകാലുകൾ തകർന്ന് സ്ഥലത്ത് ചേരയിൽ കുളിച്ചുകിടന്ന സുമേഷിനെ പുലർച്ചെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് ബിരിക്കുളം ക്ഷേത്രകമ്മിറ്റി സിക്രട്ടറി വിജയനാണ്. സംഭവത്തിൽ സുമേഷിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് ചന്ദ്രൻ പനയാൽ, മുല്ലച്ചേരി ശശി എന്നിവരെ പ്രതി ചേർത്ത് ഒരു കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാത്രി 10 മണിക്ക് മാരാകായുധങ്ങളുമായി അക്രമികൾ സുമേഷിനെ തേടിയെത്തിയത് കാറിലാണെന്നും, അക്രമം നടന്നയുടൻ റോഡിൽ നിർത്തിയിട്ടിരുന്ന ഒരു കാർ ബിരിക്കുളം ടൗണിനെ ലക്ഷ്യമിട്ട് പോകുന്ന വെളിച്ചം കണ്ടുവെന്ന് സുമേഷിന്റെ മാതാവ് ലക്ഷ്മിക്കുട്ടി പറഞ്ഞു. സുമേഷിന്റെ പരിക്കുകൾ ഗുരുതരമാണെന്ന് ഇദ്ദേഹത്തെ ചികിത്സിച്ച തേജസ്വിനി ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. സാജു തോമസ് ലേറ്റസ്റ്റിനോട് പറഞ്ഞു.