കണിയാങ്കുളം വാർഡിൽ മത്സരം ഇഞ്ചോടിഞ്ച്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ 16– ാം വാർഡായ കണിയാങ്കുളത്ത് ഇക്കുറി മത്സരം പൊടിപാറുമെന്ന് ഉറപ്പായി.  മുസ്്ലീം ലീഗിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ പി. സുമയ്യയും, എൽഡിഎഫിന്റെ കേരള കോൺഗ്രസ്സ് എം സ്ഥാനാർത്ഥി റോജ തങ്കച്ചനും, ബിജെപിയിലെ സുകന്യയും മൽസര രംഗത്തുള്ള വാർഡിൽ ആർക്കും അനായാസ വിജയമായിരിക്കില്ല എന്നുറപ്പാണ്.

കണിയാങ്കുളം വാർഡിൽ മൊത്തം 1210 വോട്ടുകളാണുള്ളത്. ഇവയിൽ 1000 വോട്ടെങ്കിലും പോൾ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപിക്ക് വാർഡിൽ 130 വോട്ടുണ്ട്. കേരള കോൺഗ്രസ്സിന് 30 വോട്ടുണ്ട്. സിപിഎമ്മിന് 300 വോട്ടുകളാണ് വാർഡിലുള്ളത്. കഴിഞ്ഞ തവണ 237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ വാർഡിൽ ലീഗ് സ്ഥാനാർത്ഥി വിജയിച്ചത്.

കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അംബുജാക്ഷൻ മന്ന്യോട്ട് വാർഡിൽ പരാജയപ്പെട്ടത് സിപിഎം വോട്ടുകളിൽ ചോർച്ച ഉണ്ടായതോടെയാണ്. ബിജെപിക്ക് കഴിഞ്ഞ തവണ വാർഡിൽ സ്ഥാനാർത്ഥിയില്ലാതിരുന്നതും യുഡിഎഫിന് ഗുണകരമായി. ഇത്തവണ സിപിഎം വോട്ടുകളിൽ ചോർച്ചയുണ്ടായില്ലെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി റോജ തങ്കച്ചൻ വിജയിക്കാനുള്ള സാധ്യതയുണ്ട്.

സിപിഎം വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ എൽഡിഎഫിന്റെ നേതൃത്വത്തിൽ ജാഗ്രതയോടെ ശ്രമങ്ങൾ തുടരുന്നുണ്ട്. പി. സുമയ്യയുടെ സ്ഥാനാർത്ഥിത്വത്തെ മനസ്സ് കൊണ്ട് എതിർക്കുന്നവർ വാർഡിലുണ്ട്. ഇവരുടെ വോട്ടുകളിൽ എൽഡിഎഫിന് പ്രതീക്ഷയുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കാനുള്ള അനുകൂല ഘടകങ്ങൾ വാർഡിലുണ്ടെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. അതേ സമയം, പി. സുമയ്യയുടെ വിജയത്തിൽ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ലീഗ് വൃത്തങ്ങൾ അവകാശപ്പെടുന്നത്.

LatestDaily

Read Previous

ലീഗ് വിമത സ്ഥാനാർത്ഥി എതിരാളിയല്ല: സി. എച്ച്. സുബൈദ

Read Next

ജില്ലാ പഞ്ചായത്ത്: മടിക്കൈ ഡിവിഷനിൽ ബേബി ബഹുദൂരം മുന്നിൽ