കാൽനട യാത്രക്കാർക്ക് ഭീഷണിയായി നടപ്പാതയിൽ ലോട്ടറി സ്റ്റാൾ

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിന് വടക്ക് വശം കോട്ടച്ചേരി മേൽപ്പാലം സമീപന റോഡിന്നടുത്തായി കെ. എസ്. ടി. പി റോഡിൽ നടപ്പാതയോട് ചേർന്ന് സ്ഥാപിച്ച ലോട്ടറി സ്റ്റാൾ കാൽ നടയാത്രക്കാർക്ക് ഭീഷണിയായി.

കഴിഞ്ഞ ദിവസം പൊതു പണിമുടക്ക് നടന്ന ദിവസമാണ് സദാ സമയവും കാൽനട യാത്രക്കാർ കടന്ന് പോവുന്ന നടപ്പാതയോട് ചേർന്ന് ലോട്ടറി സ്റ്റാൾ സ്ഥാപിച്ചത്. ലോട്ടറി സ്റ്റാളിന്റെ മേൽക്കൂര നടപ്പാതയോട് ചേർന്നാണുള്ളത്. ഇതു വഴി കഴിഞ്ഞ ദിവസം കടന്ന് പോയ പലർക്കും സ്റ്റാളിന്റെ മുകളിൽ പാകിയ ഇരുമ്പ് ഷീറ്റ് തട്ടി തലക്കും കണ്ണിനും പരിക്കേറ്റു. കോട്ടച്ചേരി നഗരത്തിൽ ടാക്സി കാറുകൾ പാർക്ക് ചെയ്യുന്ന ഇടം കൂടിയാണിത്.

കാൽനട യാത്രക്കാരുടെയും, സമീപത്തെ കടകളിലെത്തുന്നവരുടെയും ദേഹത്ത് തട്ടുന്ന പാകത്തിലുള്ള ലോട്ടറി സ്റ്റാൾ എടുത്ത് മാറ്റുന്നില്ലെങ്കിൽ അത് വഴിയാത്ര ചെയ്യുന്ന കൂടുതൽ പേർക്ക് അപകടം പറ്റാനുള്ള സാധ്യത ഏറെയാണ്. കോട്ടച്ചേരിയിലെ ഒരു പലചരക്ക് കടയിലെ ജീവനക്കാരൻ ഇന്നലെ സമീപത്തെ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സ്റ്റാളിന്റെ മേൽക്കൂര തട്ടി നെറ്റിയിൽ മുറിവേറ്റു. ഇപ്രകാരം തലക്കും കൺപോളകൾക്കു മുകളിലും പരിക്കേറ്റവർ നിരവധിയാണ്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് എസ്പി ഓഫീസ് മാർച്ച് നാളെ

Read Next

ലീഗ് വിമത സ്ഥാനാർത്ഥി എതിരാളിയല്ല: സി. എച്ച്. സുബൈദ