ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ, വി. ഗോപി ഡയറക്ടർ സ്ഥാനം രാജിവെച്ചു 

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് സഹകരണ ബാങ്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. ഡിസിസി പ്രസിഡണ്ടിന്റെ നിർദ്ദേശം അവഗണിച്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ പ്രവീൺ തോയമ്മൽ പ്രസിഡണ്ടായതോടെ എതിർ സ്ഥാനാർത്ഥി വി. ഗോപി ഡയറക്ടർ സ്ഥാനം രാജിവെച്ചു.

ഹൊസ്ദുർഗ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം വേണ്ടെന്ന കെപിസിസി പ്രസിഡണ്ടിന്റെ നിർദ്ദേശം തള്ളിയാണ് ഇരുവിഭാഗങ്ങൾ മത്സരത്തിനിറങ്ങിയത്.

പ്രസിഡണ്ട് സ്ഥാനം പകുതി ടേമിലേക്ക് പങ്കുവെക്കാമെന്ന നിർദ്ദേശവും ഡിസിസി പ്രസിഡണ്ട് മുന്നോട്ട് വെച്ചിരുന്നു. പ്രവീൺ തോയമ്മൽ വിഭാഗവും, വി. ഗോപി വിഭാഗവും മത്സരത്തിനിറങ്ങിയതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസ് ഏ വിഭാഗത്തിന്റെ 4 വോട്ടും മുസ്്ലീം ലീഗിന്റെ 5 വോട്ടും ലഭിച്ചതോടെ പ്രവീൺ തോയമ്മൽ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഐ വിഭാഗം സ്ഥാനാർത്ഥിയായ വി. ഗോപിക്ക് 4 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മുസ്്ലീം ലീഗിലെ കെ. ഹംസയെ വൈസ് പ്രസിഡണ്ടായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

പ്രവീൺ തോയമ്മലിനെ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുത്തതോടെയാണ് വി. ഗോപി ഡയറക്ടർ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോയത്. ഡയറക്ടർമാരായ ശ്യാമള, മോഹനൻ, എച്ച്. ഭാസ്ക്കരൻ എന്നിവർ വി. ഗോപിയെ പിന്താങ്ങി. പാർട്ടി തീരുമാനം ലംഘിച്ച വി. ഗോപിക്കും സംഘത്തിനുമെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്.   

Read Previous

മയക്കുമരുന്ന് വേട്ടയ്ക്കിടെ കാറുമായി കടന്ന യുവാവിനെ തിരയുന്നു

Read Next

അഭിജിത്തിന്റെ മരണം: നാലംഗ സംഘത്തെ ചോദ്യം ചെയ്തു