ബല്ലാക്കടപ്പുറം ജമാഅത്ത് ഊരുവിലക്കിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ബല്ല കടപ്പുറം ജമാഅത്ത് കമ്മിറ്റി മഹല്ല് നിവാസിക്ക് ഏർപ്പെടുത്തിയ ഊരുവിലക്കിൽ ഉടൻ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബല്ലാ കടപ്പുറത്തെ  അബ്ദുൽ ഹമീദ് മദനിക്കെതിരെ 10 വർഷത്തോളമായി നീളുന്ന ഊരുവിലക്കിനൊടുവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. കാന്തപുരം അനുയായിയായ അബ്ദുൽഹമീദ് മദനി 2013-ൽ കുറാ തങ്ങളെ പങ്കെടുപ്പിച്ച് ബല്ലാ കടപ്പുറത്ത് നടത്തിയ പരിപാടിയാണ് ഇദ്ദേഹത്തിനെതിരെയുണ്ടായ ഊരുവിലക്കിന്റെ അടിസ്ഥാന കാരണം.

ബല്ലാ കടപ്പുറം ജമാഅത്ത് കമ്മിറ്റി ഹമീദ് മദനിക്കും കുടുംബത്തിനുമെതിരെ ഏർപ്പെടുത്തിയ ഊരുവിലക്കിനെതിരെ വഖഫ് ബോർഡിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലമായ വിധിയുണ്ടായിരുന്നുവെങ്കിലും ജമാഅത്ത് കമ്മിറ്റി വിധി നടപ്പിലാക്കാൻ തയ്യാറായില്ല.  ഇതേ തുടർന്ന് വഖഫ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ പരിഹാരമാകാത്തതിനെ തുടർന്നാണ് ഹമീദ് മദനി ഹൈക്കോടതിയെ സമീപിച്ചത്.

2023 ഒക്ടോബർ മാസത്തിൽ മദനിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബല്ലാക്കടപ്പുറം പള്ളിയിലെ ഖത്തീബും മുക്രിയും പങ്കെടുത്തിരുന്നു. 2023 നവംബർ മാസത്തിൽ നടന്ന മുഹയിദ്ദീൻ റാത്തിബിൽ പങ്കെടുക്കുന്നതിൽ നിന്നും ഖത്തീബിനെയും മുക്രിയെയും ജമാഅത്ത് കമ്മിറ്റി വിലക്കിയതോടെയാണ് കമ്മിറ്റിക്കെതിരെ അബ്ദുൾ ഹമീദ് മദനി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഊരുവിലക്കിൽ ഉടൻ തീർപ്പുകൽപ്പിക്കാൻ ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയോട് ഉത്തരവിട്ടത്.

LatestDaily

Read Previous

അജ്മാനിൽ അപകടത്തിൽപ്പെട്ട അജാനൂർ യുവാവിന് ഗുരുതരം

Read Next

ജിബിജി തട്ടിപ്പിൽ വീണ്ടും കേസ്; ഒരു കുടുംബത്തിൽ നിന്നും 10 ലക്ഷം തട്ടിയെടുത്തു