ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡീഗോ അർമാന്റോ മറഡോണ കഥാവശേഷനായതോടെ ഫുട്ബോൾ മാന്ത്രികതയിലെ മറഡോണ യുഗത്തിന് അന്ത്യം സംഭവിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധക വൃന്ദത്തെ ജാതിമതവർഗ്ഗ പരിഗണനകൾക്കതീതമായി ഒന്നിപ്പിച്ച കാൽപ്പന്തുകളിയിലെ ദൈവം കൂടിയായിരുന്നു മറഡോണ.
കാൽപ്പന്തു കളിയിൽ മാന്ത്രികമായ പ്രകടനങ്ങൾ കാഴ്ചവെച്ച മറഡോണ അർജന്റീന എന്ന രാജ്യത്തിന്റെ അതിരുകൾ ഭേദിച്ച് ആഗോള തലത്തിൽ ശ്രദ്ധേയനായത് ഫുട്ബോൾ ഗ്യാലറികളെ ഇളക്കി മറിച്ച ചടുല വേഗങ്ങളാലാണ്. 1960– ൽ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഡീഗോ മാറഡോണ 60– ാം വയസ്സിൽ ലോകത്തോട് യാത്ര പറഞ്ഞത് വിപുലമായ ആരാധക സമ്പത്തിന്റെ ഉടമയായാണ്.
1982 മുതൽ 1994 വരെയുള്ള നാല് ലോക കപ്പുകളിൽ അർജന്റീനയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ മാറഡോണ 1986 ലോകകപ്പിൽ നേടിയ ഗോളുകളിലൊന്ന് കാൽപ്പന്ത് കളിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയതാണ്. റഫറിമാരുടെ കണ്ണ് വെട്ടിച്ച് കൈ കൊണ്ട് പന്ത് തട്ടിയിട്ട് നേടിയ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫുട്ബോൾ ഒരു മതമാണെങ്കിൽ അതിന്റെ അനുയായികളുടെ ദൈവം കൂടിയാണ് മറഡോണ. ബൊളീവിയൻ കാടുകളിൽ ഗറില്ലാ യുദ്ധമുറകൾ വഴി സാമ്രാജ്യത്വത്തെ വിറപ്പിച്ച ചെഗുവേരയുടെ കടുത്ത ആരാധകനും കൂടിയായിരുന്നു ഡീഗോ മറഡോണ. ഫുട്ബോൾ കളിക്കളങ്ങളിൽ കാലുകളിൽ പന്തുമായി മിന്നൽപ്പിണറായി മാറിയ മറഡോണ ഫുട്ബോളിലെ സാമ്രാജ്യത്വ സിംഹാസനങ്ങളെ കിടുകിടാ വിറപ്പിച്ചത് ചെഗുവേരയുടെ യുദ്ധ തന്ത്രങ്ങളുമായെന്നതും യാദൃശ്ചികമാകാം.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ബഹുമതി ഫുട്ബോൾ മാന്ത്രികൻ പെലെയ്ക്കൊപ്പം പങ്കിട്ടയാളാണ് മറഡോണ. വിജയപരാജയങ്ങളുടെ തുലാസിലിട്ട് നോക്കിയല്ല ഫുട്ബോൾ ആരാധക വൃന്ദം ഇദ്ദേഹത്തെ ഹൃദയത്തിൽ കൊണ്ടു നടന്നത്. എതിരാളികളെ വെട്ടിച്ച് ഗോൾ മുഖത്തേയ്ക്ക് വെടിയുണ്ട പോലെ പന്ത് പായിക്കാനും, കാലിലെത്തുന്ന പന്തിനെ ലക്ഷ്യവേധിയാക്കാനുമുള്ള അസാമാന്യ മിടുക്കാണ് മറഡോണയെ ഗ്യാലറികൾക്ക് പ്രിയങ്കരനാക്കുന്നത്.
പത്താം വയസിൽ കളിക്കളത്തിലിറങ്ങിയ മറഡോണ 1991 മാർച്ചിൽ നടന്ന കളിക്കിടെയുണ്ടായ പരിശോധനയിൽ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അല്പകാലം കളിക്കളത്തിൽ നിന്നും മാറി നിന്നതൊഴിച്ചാൽ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവൻ കാൽപ്പന്ത് കളിക്കായിത്തന്നെയാണ് മാറ്റിവെച്ചത്. മാറിഡോണിസ്മോ എന്ന പേരിൽ സ്വന്തമായി മതം സ്ഥാപിക്കാൻ പോലും ഇദ്ദേഹം ധൈര്യപ്പെട്ടു.
ഫുട്ബോൾ മൈതാനങ്ങളിലെ പുൽക്കൊടികളെപ്പോലും ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ നടത്തിയ ഡീഗോ മറഡോണ ഗ്യാലറികളുടെ മുഴക്കങ്ങളും ആരവങ്ങളും ബാക്കിയാക്കിയാണ് ജീവിതത്തിന്റെ കളിക്കളത്തിൽ നിന്നും ബൂട്ടഴിച്ച് അനശ്വരതയിൽ വിലയം പ്രാപിച്ചത്. കാൽപ്പന്ത് കളിയുടെ ചരിത്രമുള്ളിടത്തോളം ഡീഗോ അർമാന്റോ എന്ന മറഡോണ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.