75 പൈസക്ക് ഊൺ നൽകിയ ഓർമ്മകളിൽ മുഹമ്മദ്സാലി എന്ന എയർലൈൻസ് സാലി

അജാനൂർ: സമകാലിക നിർമ്മാണ ശൈലികളിലുള്ള ഹോട്ടലുകൾ ആകമാനം രുചി സങ്കൽപ്പങ്ങളുമായി നഗരത്തിലെ മുക്കിലും മൂലയിലും അനുദിനം വർദ്ധിക്കുമ്പോഴും, 75 പൈസക്ക് ഊൺ നൽകിയ ഓർമ്മകളിൽ ആനന്ദം കണ്ടെത്തുകയാണ് നോർത്ത് ചിത്താരിയിലെ മുനിയങ്കോട് മുഹമ്മദ് സാലിയെന്ന എയർലൈൻസ് സാലി.

1973-ലാണ് പുതിയ കോട്ട മെയിൻ റോഡിന് സമീപം ഹോട്ടൽ എയർലൈൻസ് എന്ന പേരിൽ മുഹമ്മദ് സാലി കാഞ്ഞങ്ങാട്ടെ പ്രധാന ഹോട്ടലുകളിലൊന്നായ ഹോട്ടൽ എയർലൈൻസ് ആരംഭിച്ചത്. പരിമിതികളോടും പരാധീനതകളോടുo പടപൊരുതി തുടക്കം കുറിച്ച ഹോട്ടൽ നടത്തിപ്പിൽ പരാജയം നേരിട്ടെങ്കിലും, മുഹമ്മദ് സാലിയുടെ അദമ്യമായ ശുഭാപ്തി വിശ്വാസവും കഠിനാദ്ധ്വാനവും തടസ്സങ്ങളെ അതിജീവിക്കാൻ പ്രാപ്തനാക്കി. ഒരു കാലത്ത് കാഞ്ഞങ്ങാടിന്റെ വ്യാപാര സി രാകേന്ദ്രമായിരുന്ന പുതിയ കോട്ട ആഴ്ച്ച ചന്ത, പോലിസ് സ്റ്റേഷ,ൻ കോടതി, സിനിമാശാല, ഗവ: ആശുപത്രി, പഞ്ചായത്ത് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.

ഗതാഗത സംവിധാനങ്ങൾ കുറവായ അക്കാലത്ത് മലയോര മേഖലകളിൽ നിന്നും ആഴ്ച്ച ചന്തയിലേക്കുള്ള ചരക്കുകളുമായി തലേ ദിവസം എത്തുന്ന വ്യാപാരികളും മറ്റും ഹോട്ടൽ എയർ ലൈൻസിന്റെ വരാന്തയിലാണ് രാത്രി സമയം കഴിച്ചു കൂട്ടിയിരുന്നത്.  അവരെല്ലാം ഭക്ഷണത്തിന് വേണ്ടി ആശ്രയിച്ചിരുന്നതും ഈ ഹോട്ടലിനെയായിരുന്നു. ഹോട്ടൽ സപ്ലയർക്ക് ഒന്നര രൂപയും പാചകക്കാരന് ഒൻപത് രൂപയുമായിരുന്നു അന്നത്തെ ദിവസകൂലി. അതിനിടെ കാഞ്ഞങ്ങാട്ട് ചിത്രീകരിച്ചിരുന്ന പത്മതീർത്ഥം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ അന്തരിച്ച നടൻ ജോസ് പ്രകാശും സഹപ്രവർത്തകരും ഹോട്ടലിലെത്തി പരിചയപ്പെട്ടതും, ജോസ് പ്രകാശ് ക്യാഷ് കൗണ്ടറിലെ കസേരയിലിരുന്ന് ഫോട്ടോയെടുത്തതുമൊക്കെ മുഹമ്മദ് സാലിക്ക് മധുരിക്കുന്ന ഓർമ്മകളായി അവശേഷിക്കുന്നു.

കാലപ്പഴക്കത്താലും മറ്റു ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് ഹോട്ടൽ വ്യാപാര മേഖലയിൽ നിന്നും മുഹമ്മദ്സാലി വിരമിക്കുകയായിരുന്നു. ഇപ്പോൾ ചിത്താരി പുഴയോരത്തെ കടവത്ത് വീട്ടിൽ വിശ്രമ ജീവിതം നയിച്ചുവരുന്ന എഴുപതിലേക്കെത്തിയ മുഹമ്മദ് സാലി 6 പെൺമക്കളടക്കം 11 മക്കളുടെ പിതാവാണ്.

LatestDaily

Read Previous

അനധികൃത ഭൂമി വി.വി.രമേശന് എതിരെ ലോകായുക്തക്ക് പരാതി

Read Next

പ്രദീപ് കോട്ടത്തലക്കെതിരെ പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകും