ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
47 ലക്ഷം രൂപ മുടക്കി ഭൂമി വാങ്ങിയത് മകൾ ഡോ. ഏ.ആർ. ആര്യയുടെ പേരിൽ
കാഞ്ഞങ്ങാട്: നഗരസഭാ ചെയർമാനായിരുന്ന 2019-ൽ അനധികൃതമായി ഭൂമി വാങ്ങിയ നഗരസഭ മുൻ ചെയർമാൻ വി. വി. രമേശനെതിരെ ലോകായുക്തയ്ക്കും, സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും പരാതി. അതിയാമ്പൂര് സ്വദേശിയായ സിപിഎം അനുഭാവിയും കലാ സാംസ്ക്കാരിക പ്രവർത്തകനുമാണ്, മുൻ ചെയർമാന്റെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ സംസ്ഥാന ലോകായുക്തക്കും, വിജിലൻസ് അധികൃതർക്കും പരാതി അയച്ചത്.
കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിൽ രമേശൻ മകൾ ഡോ. ഏ.ആർ. ആര്യയുടെ പേരിൽ 11.3/4 സെന്റ് കണ്ണായ ഭൂമി വാങ്ങിയതായാണ് പരാതി. 2019 ജൂൺ മാസത്തിൽ ഈ ഭൂമി കാഞ്ഞങ്ങാട് സബ് റജിസ്ട്രാർ ഓഫീസിൽ ആര്യയുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏ.ആർ. ആര്യ ആയുർവ്വേദ ഡോക്ടറാണ്. ആറുമാസം മുമ്പ് ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസറായി ഉദ്യോഗത്തിൽ കയറിയ ഡോ. ആര്യയ്ക്ക് 6 മാസത്തെ സർക്കാർ ശമ്പളം കൊണ്ട് 47 ലക്ഷം രൂപ മുടക്കി ഈ ഭൂമി വാങ്ങാൻ ഒരിക്കലും കഴിയില്ലെന്നും, രമേശൻ നഗരസഭ ചെയർമാന്റെ പദവി ഉപയോഗിച്ച് നടത്തിയ അഴിമതിയിൽ സമ്പാദിച്ച പണം കൊണ്ടാണ് ബിനാമി പേരിൽ മകളുടെ പേരിൽ ഭൂമി വാങ്ങിക്കൂട്ടിയതെന്നും, പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
ആര്യയുടെ പേരിലുള്ള ഭൂമിയുടെ പരിസരത്ത് മറ്റൊരു ഭൂമി 6 മാസം മുമ്പ് മറ്റൊരാൾ കച്ചവടമുറപ്പിച്ചത് സെന്റിന് 4 ലക്ഷം രൂപ വില നൽകിയാണ്. ഈ കണക്കനുസരിച്ച് ആര്യയെ ബിനാമിയാക്കി രമേശൻ സ്വന്തമാക്കിയ 11.3/4 സെന്റ് ഭൂമിക്ക് 47 ലക്ഷം രൂപ വില വരും. നരഗസഭ ചെയർമാനായി 5 വർഷക്കാലം അധികാരത്തിലിരുന്ന വി. വി. രമേശൻ നഗരസഭയിൽ നിന്ന് കൈപ്പറ്റിയ ശമ്പളം കൊണ്ടും 47 ലക്ഷം രൂപ മുടക്കി ഈ ഭൂമി വാങ്ങാൻ കഴിയില്ലെന്നിരിക്കെ, അഴിമതിയിൽ സമ്പാദിച്ച പണം കൊണ്ടാണ് രമേശൻ ബിനാമി പേരിൽ ഭൂമി വാങ്ങിയതെന്ന് ലോകായുക്തയ്ക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു.