ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസിൽ ബുധനാഴ്ച രണ്ട് കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്തു. തട്ടാർകടവ് കക്കുന്നം സജിന മൻസിലിൽ ഏ.ജി. അബ്ദുൾ മജീദിന്റെ ഭാര്യ കെ.പി. മറിയുമ്മ, ഉടുമ്പുന്തല തലയില്ലത്ത് ഹൗസിൽ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ഷമീമ.ടി എന്നിവരാണ് പരാതിക്കാർ.
2008 ഏപ്രിൽ മാസത്തിലാണ് കെ.പി. മറിയുമ്മ ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചത്. ഷമീമ 2016 സെപ്തംബർ 22, 2018 ആഗസ്ത് 3 എന്നീ തീയ്യതികളിലായാണ് ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ 16 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇരുവരെയും നിക്ഷേപത്തുകയോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചതായാണ് പരാതി. ഇരു പരാതികളിലുമായി വഞ്ചനാക്കുറ്റം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ടി. കെ. പൂക്കോയ, എം. സി. ഖമറുദ്ദീൻ എംഎൽഏ എന്നിവർക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തത്. അതിനിടെ പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത 13 നിക്ഷേപത്തട്ടിപ്പു കേസ്സുകളിലായി എം. സി. ഖമറുദ്ദീനെ ചോദ്യം ചെയ്യാൻ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റ് തടവുകാരനായ എം. സി. ഖമറുദ്ദീനെ ഇന്നലെ വീഡിയോ കോൺഫറൻസ് വഴിയാണ് പയ്യന്നൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസ്സുകളിൽ ഖമറുദ്ദീനെ റിമാന്റ് ചെയ്യാൻ ഉത്തരവായിട്ടുണ്ട്. പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത 21 കേസ്സുകളിൽ 13 കേസ്സുകളിലാണ് അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. പ്രസ്തുത കേസ്സുകളിൽ പ്രത്യേക അന്വേഷണസംഘം എം. സി. ഖമറുദ്ദീൻ എംഎൽഏയെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി ഇന്ന് ചോദ്യം ചെയ്യലിന് വിധേയനാക്കും. പയ്യന്നൂരിലെ കേസ്സുകളുടെ തുടരന്വേഷണത്തിനായി അന്വേഷണസംഘം ഖമറുദ്ദീനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.
ജ്വല്ലറിത്തട്ടിപ്പ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ പൂക്കോയ തങ്ങളെ കണ്ണൂർ ജില്ലക്കാരനായ ഒരു മന്ത്രി സംരക്ഷിക്കുന്നുണ്ടെന്ന തരത്തിലുള്ള കൽപ്പിത കഥകളും പരക്കാൻ തുടങ്ങിയിട്ടുണ്ട്, ഉറവിടം ഏതെന്ന് വ്യക്തമല്ലാത്ത കഥയിൽ നിക്ഷേപത്തട്ടിപ്പ് കേസ്സ് പ്രതി ടി. കെ. പൂക്കോയ തങ്ങൾ മന്ത്രിയുടെ സംരക്ഷണത്തിൽ തലശ്ശേരിയിലെ അജ്ഞാത കേന്ദ്രത്തിൽ ഒളിവിലുണ്ടെന്നാണ് ആരോപണം. ടി. കെ. പൂക്കോയയെ ഒളിപ്പിക്കാൻ സിപിഎം നേതാക്കൾ ഒത്താശ ചെയ്തെന്ന തരത്തിലാണ് വ്യാജ പ്രചരണം നടക്കുന്നത്. നിക്ഷേപത്തട്ടിപ്പിനിരയായവരെ വിശ്വസിപ്പിക്കാൻ മെനഞ്ഞുണ്ടാക്കിയ സാങ്കൽപ്പിക കഥയാണിതെന്ന് സംശയമുണ്ട്.