ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജ്വല്ലറിയിലെത്തിയത് വാച്ച് വാങ്ങാൻ
കാഞ്ഞങ്ങാട്: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസ്സിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതി പ്രദീപ് കോട്ടത്തല പോലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല. കഴിഞ്ഞ 48 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവെങ്കിലും, പോലീസിനോട് തുടക്കത്തിൽ വ്യക്തമാക്കിയ ഉത്തരത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രദീപ്.
ഡിജിറ്റൽ തെളിവുകൾ നിരത്തി അന്വേഷണ സംഘം ചോദ്യമുയർത്തിയപ്പോഴും, ഗണേഷ്കുമാർ എംഎൽഏയുടെ സിക്രട്ടറിയായ പത്തനാപുരം സ്വദേശി പ്രദീപിന് കൂസലില്ല . ചലച്ചിത്ര നടിയെ ആക്രമിച്ച കേസ്സിലെ മാപ്പുസാക്ഷിയായ തൃക്കണ്ണാട് മലാംകുന്നിലെ വിപിൻലാലിന്റെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനെ കാസർകോട്ടെ ജ്വല്ലറിയിലെത്തി ഭീഷണിപ്പെടുത്തിയ ദിവസം പ്രദീപ് കാഞ്ഞങ്ങാട്ടും കാസർകോട്ടുമെത്തിയതായി മാത്രമാണ് പോലീസിനോട് സമ്മതിച്ചത്. ഇതിനുശേഷമുണ്ടായ സംഭവങ്ങൾ സിനിമാകഥപോലെ പാടെ നിഷേധിക്കുകയാണ് പ്രതി.
അന്നേദിവസം തീർത്ഥാടനവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു. കാഞ്ഞങ്ങാട്ടെത്തിയപ്പോൾ നടൻ ദിലീപിന്റെ സിനിമാ പോസ്റ്റർ കാഞ്ഞങ്ങാട്ട് ചുമരുകളിൽ പതിച്ചത് കണ്ടു. ദിലീപിന്റെ ഫാൻസ് രൂപീകരിക്കാനായി മോഹം തോന്നി. കാഞ്ഞങ്ങാട്ട് സമയം ചിലവഴിച്ചു. കാഞ്ഞങ്ങാട്ട് നിന്നും ബേക്കൽകോട്ട സന്ദർശിക്കാനുള്ള യാത്രയ്ക്കിടെ തൃക്കണ്ണാട് ക്ഷേത്രം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൃക്കണ്ണാട് ബസ്സിറങ്ങി. മംഗളൂരുവിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ വാച്ച് വാങ്ങാനാണ് കാസർകോട് പുതിയ ബസ്്സ്റ്റാന്റ് പരിസരത്തെ ജ്വല്ലറിയിലെത്തിയതെന്ന് പ്രദീപ് പോലീസിനോട് പറഞ്ഞു.
വിപിൻ ലാലിനെ ഭീഷണിപ്പെടുത്താൻ ഉയോഗിച്ച ഫോൺ സിം കാർഡ് തന്റേതല്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രദീപ് കോട്ടത്തല. രണ്ട് ദിവസമായി പോലീസിന്റെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾക്ക് വിപരീതമായാണ് പ്രദീപിന്റെ മറുപടി. ശക്തമായ തെളിവുകളുടെ ബലത്തിലാണ് പ്രദീപിനെ അന്വേഷണസംഘം 48 മണിക്കൂറായി ചോദ്യം ചെയ്തതെങ്കിലും, ഒരു നിലയ്ക്കും പോലീസുമായി വഴങ്ങാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് പ്രതി.
രണ്ട് ദിവസം കൂടി പ്രതി പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടതുണ്ട്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ, പ്രദീപിനെ നുണ പരിശോധനയുൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ട്. പോലീസ് കണ്ടെത്തിയ തെളിവുകൾ പാടെ തള്ളിക്കളയുന്ന പ്രദീപ്, അന്വേഷണം ചലച്ചിത്ര ലോകത്തെ പ്രമുഖരിലേക്കെത്താതിരിക്കാനാണ് നുണകളുടെ കെട്ടഴിക്കുന്നതെന്നാണ് നിഗമനം.