തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്: ആശങ്കയില്ലാതെ യുഡിഎഫ്; പ്രതീക്ഷ കൈവിടാതെ ഇടതുമുന്നണി

കാഞ്ഞങ്ങാട്: ഭരണസമിതി കൊണ്ടുനടന്ന ധൈര്യത്തിൽ ആശങ്കയില്ലാതെയാണ് തൃക്കരിപ്പൂരിൽ യു.ഡി.എഫ് ഇത്തവണയും മത്സര രംഗത്തുള്ളത്. സി.പി.ഐക്ക് സീറ്റ് നിഷേധിക്കുക വഴി എൽഡിഎഫിലുണ്ടായ പ്രശ്നങ്ങൾ തീർന്നെങ്കിലും, സീറ്റുകൾ നിലനിർത്താനും മറ്റിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണച്ച് പ്രകടനം കാഴ്ചവെക്കാനുമാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. തൃക്കരിപ്പൂരിൽ പത്രിക നൽകിയ 107 പേരിൽ 43 പേർ പിൻവലിച്ചപ്പോൾ ബാക്കിയുള്ളത് 64 സ്ഥാനാർത്ഥികളാണ്.

പഞ്ചായത്തിന്റെ പടിഞ്ഞാറൻ തീരദേശമേഖല യുഡിഎഫിനൊപ്പവും കിഴക്കൻ മേഖല എൽഡിഎഫിനൊപ്പവും നിലകൊള്ളുന്നതാണ് കീഴ്്വഴക്കം. ആയിറ്റി(1), തൃക്കരിപ്പൂർ ടൗൺ(3), ഉടുംബുന്തല(13), തെക്കെവളപ്പ്14), കൈക്കോട്ട്കടവ്(15), പൂവളപ്പ്(16), വൾവക്കാട്(17), ബീരിച്ചേരി(19), മെട്ടമ്മല്‍(20), വെള്ളാപ്പ്(21) എന്നിവയാണ് മുസ്‌ലിം ലീഗിന്റെ വാർഡുകൾ. കോൺഗ്രസ് പേക്കടം(2), തങ്കയം(8), ഉളിയം(11), ഒളവറ(12), വയലോടി(18) വാർഡുകളെ പ്രതിനിധീകരിക്കുന്നു.

ഇയ്യക്കാട്(4), വൈക്കത്ത്(5), കൊയോങ്കര(6), കക്കുന്നം(9), തലിച്ചാലം(10) എന്നിവിടങ്ങളിൽ നിന്നാണ് സിപിഎം അംഗങ്ങൾ. എൽ.ജെ.ഡിയുടെ ഏക പ്രതിനിധി എടാട്ടുമ്മൽ(7) വാർഡിൽ നിന്നാണ്.  സിപിഐയെ തഴഞ്ഞ എൽഡിഎഫ് ലോകതാന്ത്രിക് ജനതാദളിന് നൽകിയത് അഞ്ചുസീറ്റുകളാണ്. എടാട്ടുമ്മൽ(7), തങ്കയം(8), കക്കുന്നം(9), ഉടുമ്പുന്തല(13), വൾവക്കാട്(17) എന്നീ വാർഡുകളിലാണ് എൽ.ജെ.ഡി മത്സരിക്കുന്നത്. ഇവയിൽ ആദ്യമൂന്നുവാർഡുകൾ ജനതാദളിന് സ്വാധീനമുള്ള മേഖലകളിലാണ്.

എടാട്ടുമ്മൽ, കക്കുന്നം വാർഡുകളിൽ അവർക്ക് നല്ല പ്രതീക്ഷയുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനതാദൾ യു.ഡി.എഫിൽ ആയിരിക്കെ കക്കുന്നത്ത് സിപിഎമ്മിനെതിരെയാണ് മത്സരിച്ചത്.  വോട്ടുകൾ തുല്യ നിലയിലായ വാശിയേറിയ പോരാട്ടത്തിനൊടുവിൽ നറുക്കെടുപ്പിൽ ഭാഗ്യം സിപിഎമ്മിനൊപ്പം നിന്നു. ഇക്കുറി ഇടതുമുന്നണിയിൽ നിൽക്കുമ്പോൾ വിജയം എളുപ്പമാവുമെന്നാണ് അവരുടെ വിലയിരുത്തൽ.

തങ്കയം വാർഡിൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിന്റെ അലയൊലികൾ അടങ്ങിയപ്പോൾ യു.ഡി.എഫിന് ശക്തനായ യുവസ്ഥാനാർഥിയെ ലഭിച്ചത് ആവേശമായിട്ടുണ്ട്.  പ്രദേശത്തെ മുതിർന്ന പൊതു പ്രവർത്തകനെയാണ് എൽജെഡി അണിനിരത്തിയത്. ബിജെപിക്കും കാര്യമായ വോട്ടുള്ള കിഴക്കൻ മേഖലയിൽ അവരും സജീവമാണ്. സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഏഴ് വാർഡുകളിൽ മുസ്‌ലിം സ്ഥാനാർത്ഥികളെ രംഗത്തിറത്തിറക്കുകയോ സ്വതന്ത്രരെ പിന്തുണക്കുകയോ ആണ് ഇടതുമുന്നണി. കോൺഗ്രസിന് റിബൽ ശല്യമുള്ള ഒളവറ വാർഡിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പായി. ഇവിടെ ഇടതുമുന്നണിക്ക് ഐ.എൻ.എൽ സ്ഥാനാർത്ഥിയാണ്.

ഉളിയത്ത് രണ്ടാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിൽ സി.പി.എമ്മിനൊപ്പം ബിജെപിയുമുണ്ട്. വനിതാ സംവരണ വാർഡായ കൈക്കോട്ടുകടവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയിൽ എൽഡിഎഫിന് നല്ല പ്രതീക്ഷയുണ്ട്.  നൂറിൽ താഴെ വോട്ടുകൾക്ക് ജയപരാജയം മാറിമറിയുന്ന വാർഡുകളിൽ ഇത്തരത്തിൽ നല്ല പോരാട്ടം നടക്കും. 15 വാർഡുകളിൽ ബിജെപിസ്ഥാനാർത്ഥികളുണ്ട്.  തൃക്കരിപ്പൂർ ടൗൺ, എടാട്ടുമ്മൽ വാർഡുകളിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. എസ്.ഡി.പി.ഐക്ക് ആയിറ്റി, തങ്കയം, ഉടുമ്പുന്തല എന്നിങ്ങനെ മൂന്നിടത്ത് സ്ഥാനാർത്ഥികളുണ്ട്.
തൃക്കരിപ്പൂര്‍

LatestDaily

Read Previous

സുബൈദ വധക്കേസ് പ്രതി അസീസിനെ കാണാതായിട്ട് 3 വർഷം

Read Next

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ പ്രദീപ്, കാഞ്ഞങ്ങാട്ട് വന്നത് നടൻ ദിലീപിന് ഫാൻസ് രൂപീകരിക്കാനും തീർത്ഥാടനത്തിനും