സുബൈദ വധക്കേസ് പ്രതി അസീസിനെ കാണാതായിട്ട് 3 വർഷം

കാഞ്ഞങ്ങാട് : പെരിയ സുബൈദ വധക്കേസിലെ മുഖ്യ പ്രതി സുള്ള്യ അസീസെവിടെയെന്ന ചോദ്യത്തിന് കഴിഞ്ഞ മൂന്ന് വർഷമായിട്ടും പോലീസിന് ഉത്തരമില്ല. സുള്ള്യ അങ്ങാവര സ്വദേശിയായ അബ്ദുൾ അസീസ്, പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടിട്ട് വർഷം മൂന്ന് കഴിഞ്ഞിരിക്കുകയാണ്.

പെരിയ ആയംപാറ ചെക്കിപ്പള്ളം സ്വദേശിനി സുബൈദയെ 60, പണം അപഹരിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ സുള്ള്യ അസീസുൾപ്പെടെ നാല് പ്രതികളാണ് അറസ്റ്റിലായത്. അസീസിനെ കൂടാതെ മധൂർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൾഖാദർ 28, പട്ള കുതിരപ്പാടിയിലെ ബാവ അസീസ് 25, മാന്യയിലെ അർഷാദ് 24, എന്നിവരാണ് അറസ്റ്റിലായത്.

റിമാന്റിലായ പ്രതികളിൽ അസീസിനെ, സുള്ള്യയിലെ മറ്റൊരു കേസിൽ സുള്ള്യ കോടതിയിൽ ഹാജരാക്കി ബേക്കൽ പോലീസ് കാഞ്ഞങ്ങാട് ജയിലിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. സുള്ള്യ ടൗൺ വിട്ട ശേഷം മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങിയ അസീസ് റോഡരികിലേക്ക് നീങ്ങി നിന്ന ശേഷം, റോഡരികിലെ മതിലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു.

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ കഴിയാത്തതിന് ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അസീസിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ രണ്ട് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു പ്രതിയുടെ അഭാവത്തിൽ സുബൈദ വധക്കേസിന്റെ വിചാരണ 2021 ജനുവരി 11 മുതൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. വിചാരണയ്ക്ക് മുന്നോടിയായി മൂന്ന് പ്രതികളെയും ജില്ലാ കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് സിപിഎം ബിജെപി ലീഗ് പാർട്ടികൾക്ക് റിബൽ

Read Next

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്: ആശങ്കയില്ലാതെ യുഡിഎഫ്; പ്രതീക്ഷ കൈവിടാതെ ഇടതുമുന്നണി