ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട പ്രമാദമായ കേസ്സിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്സിൽ ബേക്കൽ പോലീസ് കൊട്ടാരക്കര പത്തനാപുരത്ത് അറസ്റ്റ് ചെയ്ത പ്രതി, പ്രദീപ് കോട്ടത്തല അറസ്റ്റിന് വഴങ്ങാതെ പുലർകാലം 4-30 മണിവരെ പിടിച്ചു നിന്നു.
കാസർകോട് പോലീസ് ഐപി, പി. രാജേഷും, ഏഎസ്ഐ, മനോജ് പൊന്നമ്പാറയും, ഇതര പോലീസുദ്യോഗസ്ഥരും നവംബർ 23-ന് ഉച്ചയ്ക്ക് തന്നെ പത്തനാപുരത്തെത്തിയിരുന്നു. പത്തനാപുരം പട്ടണം ഗണേഷ്കുമാർ എംഎൽഏയുടെ മാത്രം പാർട്ടി പ്രവർത്തകരുടെ ശക്തി കേന്ദ്രമാണ്. ഗണേഷ്കുമാർ എംഎൽഏയുടെ മുഖ്യ ഓഫീസിൽ തന്നെയാണ് നാൽപ്പത്തിമൂന്നുകാരനായ പ്രദീപ് താമസം.
വീട് പത്തനാപുരത്തിന് 18 കിലോമീറ്റർ അകലെ കോട്ടത്തല ഗ്രാമത്തിലാണ്. കഴിഞ്ഞ 26 വർഷമായി ആർ. ബാലകൃഷ്ണപ്പിള്ളയുടെയും, പിന്നീട് മകൻ ഗണേഷ് കുമാർ എംഎൽഏയുടെയും സിക്രട്ടറിയാണ് പ്രദീപ്. 23-ന് തിങ്കൾ ഉച്ച മുതൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് സംഘം പ്രദീപ് ലാലിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചുവരികയായിരുന്നു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഒരു സ്വിഫ്റ്റ് കാറിൽ പുറത്തുപോയ പ്രദീപ്, പിന്നീട് രാത്രി 12-30 മണിക്കാണ് തിരിച്ച് അതേ കാറിൽ തന്നെ ഓഫീസിൽ തിരിച്ചെത്തിയത്.
ഓഫീസിൽ കയറിയ ഉടൻ പോലീസ് വീട് വളഞ്ഞപ്പോൾ പ്രദീപ് വീട്ടിനകത്ത് കയറി അകത്തു നിന്ന് വീട് പൂട്ടുകയായിരുന്നു. വാതിലിൽ എത്ര തട്ടി വിളിച്ചിട്ടും തുറന്നില്ല. അതിനിടയിൽ നിരവധി പാർട്ടി പ്രവർത്തകർ ഈ പാർട്ടി ഓഫീസിലെത്തുകയും പ്രദീപിനെ കസ്റ്റഡിയിലെടുക്കുന്നതിന് തടസ്സം നിൽക്കുകയും ചെയ്തു. പ്രതിയെയും കൊണ്ട് മാത്രമെ തങ്ങൾ പോവുകയുള്ളൂവെന്ന് തീരുമാനിച്ച പോലീസ് സംഘം പുലർച്ചെ 4-30-ന് പ്രദീപ് വീടിന്റെ വാതിൽ തുറക്കുന്നതുവരെ വീട്ടുവരാന്തയിലും വീടിന്റെ പിൻവാതിൽക്കലും കാത്തു നിൽക്കുകയായിരുന്നു.
ഗത്യന്തരമില്ലെന്ന് കണ്ടപ്പോൾ പുലർച്ചെ 4-30 -ന് പ്രദീപ് വാതിൽ തുറന്നു.
ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, അവിടെ വെച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷം, പോയ സ്വകാര്യ വാഹനത്തിൽ തന്നെ പോലീസ് സംഘം പ്രതിയേയും കൊണ്ട് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു.
രാത്രി കാഞ്ഞങ്ങാട്ടേക്കുള്ള വഴിയിൽ നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ പ്രദീപിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുകയും, കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷം, രാത്രി 10.15-ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോഴേക്കും, ഡിവൈഎസ്പി ഓഫീസ് മുറ്റം മാധ്യമപ്രവർത്തകരേയും, ക്യാമറാമാൻമാരെയും കൊണ്ട് നിറഞ്ഞിരുന്നു.
ഡിവൈഎസ്പിയുടെ മുറിയിൽ വീഡിയോ കോൺഫറൻസിൽ പ്രതി പ്രദീപിനെ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രാത്രിയിൽ തന്നെ റിമാന്റ് ചെയ്തു.
പ്രദീപിനെ രാത്രി 10-30 മണിയോടെ തോയമ്മൽ ജില്ലാ ജയിലിലെത്തിച്ചു.