ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ അനധികൃതമായി കട പരിശോധിച്ച് വ്യാപാരികളിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡണ്ട് സി. ഹംസ പാലക്കിയും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി. യൂസഫ് ഹാജിയും ജനറൽ സിക്രട്ടറി കെ.വി. ലക്ഷ്മണനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങളെല്ലാം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് വിൽപ്പനയ്ക്കെത്തുന്നത്. എന്നാൽ ഇവ ക്യാരിബാഗുകളിലാക്കി ഉപയോക്താക്കൾക്ക് കൊടുക്കുന്നതിനെ മാത്രമാണ് അധികൃതർ തെറ്റായി കാണുന്നത്. ഇപ്രകാരം പിടിച്ചെടുക്കുന്ന ക്യാരിബാഗുകളുടെ പേരിൽ പതിനായിരം മുതൽ കാൽ ലക്ഷം രൂപ വരെ അംഗീകൃത കച്ചവടക്കാരിൽ നിന്ന് പിഴയീടാക്കുന്നു.
എന്നാൽ തെരുവോരങ്ങളിലും മീൻ മാർക്കറ്റുകളിലും പച്ചക്കറികളും പഴവർഗ്ഗങ്ങളും മത്സ്യ മാംസാദികളും നിരോധിത ക്യാരി ബാഗുകളിലാണ് നൽകുന്നത്. ഇത് തടയാൻ യാതൊരു നടപടിയുമില്ല. ഉൽപ്പാദന കേന്ദ്രങ്ങളിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ തടയാനും അധികൃതർക്കാവുന്നില്ല. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിന് പകരം ലൈസൻസെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളെ മാത്രം കേസ്സിൽ കുടുക്കി പിഴയീടാക്കുന്നതിനെതിരെ നാളെ വ്യാപാരികൾ കാഞ്ഞങ്ങാട്ട് യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകും.
വ്യാപാരികൾ പ്രകടനമായി നഗരസഭാ ഓഫീസിലേക്ക് മാർച്ച് ചെയ്ത് അധികാരികൾക്ക് നിവേദനം നൽകും. തുടർന്നും കട പരിശോധനക്കെത്തിയാൽ ശക്തമായി പ്രതികരിക്കുമെന്നും അനധികൃത കട പരിശോധന തടയുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു. മർച്ചന്റ്സ് അസോസിയേഷൻ സിക്രട്ടറി എം.വിനോദ്, മറ്റു ഭാരവാഹികളായ രാജേന്ദ്രകുമാർ, ഏ. ഹമീദ് ഹാജി, രാജേഷ് കുമാർ മുഹമ്മദ് ത്വയ്യിബ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.