യുക്തിവാദി നേതാവിന്റെ ബൈക്ക് കത്തിച്ചവർ പിടിയിൽ

പയ്യന്നൂര്‍: യുക്തിവാദി സംഘം ഏരിയാ കമ്മിറ്റി അംഗവും വാട്ടർ അതോറിറ്റി ജീവനക്കാരനുമായ രാമന്തളി സ്വദേശിയുടെ ബൈക്ക് കത്തിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. രാമന്തളി കുന്നരു ഓണപ്പറമ്പിലെ ടി.പി.ബിനീഷ് 31, എം.അര്‍ജുന്‍ 28, കുന്നരുവിലെ ടി.അര്‍ജുന്‍ 27, എന്നിവരെയാണ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ.എം.വി.ഷീ ജുവും സംഘവുംഅറസ്റ്റ് ചെയ്തത്.

പയ്യന്നൂർകോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ  29ന് പുലര്‍ച്ചെ 1.10നായിരുന്നു സംഭവം. വാട്ടര്‍ അതോറിറ്റിയുടെ കീഴിൽ ചെറുവത്തൂരിലെ ഓപ്പറേറ്റര്‍ജോലി ചെയ്യുന്ന രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്സെന്റിലെ പരേതനായ ഖാദറിന്റെ മകന്‍ എം.പി.ഷൈനേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹോണ്ട യൂണിക്കോണ്‍ ബൈക്കാണ് പ്രതികൾ അഗ്നിക്കിരയാക്കിയത്.

ഹെല്‍മറ്റും മാക്സിയും ധരിച്ചെത്തിയ മൂന്നുപേരിൽ ഒരാൾ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ച് തീപ്പെട്ടി കൊണ്ട് തീകൊളുത്തുന്നതും തുടര്‍ന്ന് മൂന്നുപേര്‍ ഓടിമറയുന്ന ദൃശ്യവും വീട്ടിലെ നിരീക്ഷണ കാമറയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ നിരീക്ഷണ കാമറയില്‍ പതിഞ്ഞ മാക്‌സിയും ഹെല്‍മറ്റും ധരിച്ച് ആള്‍മാറാട്ടം നടത്തിയെത്തിയ അക്രമികളുടെ ദൃശ്യമാണ് അന്വേഷണത്തില്‍ വഴി തിരിവായത്. തുടർന്ന് ശാസ്ത്രീയമായ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

LatestDaily

Read Previous

സ്കൂൾ ബസ് ഡ്രൈവർക്ക് മർദ്ദനം

Read Next

നിർബ്ബന്ധിത കടപരിശോധന അനുവദിക്കില്ല: വ്യാപാരികൾ