ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഡി. വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് പി. കെ. നിഷാന്തിനെ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മൽസരിപ്പിക്കാനുള്ള സി. പി. എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി തീരുമാനം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ ഡി. വൈ. എഫ്. ഐ, ജില്ലാ സിക്രട്ടറി തദ്ദേശ മൽസരത്തിനിറങ്ങിയതും കാരണമായി.
കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതു മുന്നണിക്ക് നല്ല വിജയ സാധ്യതയുള്ള വാർഡിൽ പി. കെ. നിഷാന്തിനെ മൽസരിപ്പിക്കാനായിരുന്നു ഏരിയ കമ്മിറ്റി തീരുമാനം. ഇപ്രകാരം 34– ാം വാർഡിൽ മൽസരിപ്പിക്കാനുള്ള നിർദ്ദേശം വന്നപ്പോൾ 32– ാം വാർഡായ കുറുന്തൂറാണ് നിഷാന്തിന് മൽസരിക്കാൻ അനുയോജ്യമെന്ന അഭിപ്രായം ഉയർന്നുവന്നു.
എന്നാൽ 32– ൽ നിഷാന്തിന്റെ പേരു വന്നപ്പോൾ വാർഡ് കമ്മിറ്റി യോഗം വാർഡിൽ ഉൾപ്പെട്ടവരെത്തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നു. തുടർന്ന് 41– ാം വാർഡിൽ മൽസരിപ്പിക്കണമെന്നായിരുന്നു പാർട്ടി നിർദ്ദേശം. എന്നാൽ 41– ാം വാർഡിൽ മുൻ കൗൺസിലറായ ശിവദത്തിന്റെ പേര് ഉയർന്ന് വന്നതോടെ ശിവ ദത്തിന് വേണ്ടി നിഷാന്ത് പിന്മാറുകയാണുണ്ടായത്. മറ്റു ചില വാർഡുകളിൽ കൂടി നിഷാന്തിനെ മൽസരിപ്പിക്കാൻ പാർട്ടിക്ക് താൽപര്യമുണ്ടായിരുന്നു.
അതിനിടെ ഡി. വൈ. എഫ്. ഐ ജില്ലാ സിക്രട്ടറി സജിത്തിനെ ചെറുവത്തൂർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിപ്പിക്കാൻ സി. പി. എം ജില്ലാ കമ്മിറ്റി തീരുമാനിച്ചതിനെ തുടർന്ന് ഡി. വൈ. എഫ്. ഐയുടെ ജില്ലാ പ്രസിഡന്റും സിക്രട്ടറിയും ഒരേ സമയം തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് സംഘടനാ പ്രവർത്തനത്തെ ബാധിക്കുമെന്ന തിരിച്ചറിവ് സി. പി. എമ്മിനുണ്ടായി. ഇതേ തുടർന്ന് നിഷാന്തിനെ ഇത്തവണ മൽസരിപ്പിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. യഥാർത്ഥ വസ്തുതകൾ മറച്ചു വെച്ച് നിഷാന്തിന് എവിടെയും സീറ്റ് കിട്ടിയില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങൾ ബോധപൂർവ്വം പടച്ചു വിടുന്നതിന്റെ പിന്നിലെ താൽപര്യം മറ്റു ചിലതാണെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.