ആവിക്കര വാർഡിൽ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ കൊണ്ട് പത്രിക പിൻവലിപ്പിക്കാൻ ശ്രമം; സ്ഥാനാർത്ഥി ഇറങ്ങിയോടി

നഗരസഭയിൽ നാടകീയ രംഗങ്ങൾ സിപിഎം– ലീഗ് സംഘർഷം

കാഞ്ഞങ്ങാട്: 42– ാം വാർഡ് ആവിക്കരയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ശീതളിനെ കൊണ്ട് പത്രിക പിൻവലിപ്പിക്കാൻ ശ്രമം. സിപിഎം പ്രവർത്തകരുടെ നീക്കമറിഞ്ഞ ശീതൾ, നഗരസഭയിലെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ് പരിസരത്ത് നിന്നും ഇറങ്ങിയോടി.

സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിക്കാൻ അരമണിക്കൂർ ശേഷിക്കെ ഇന്നലെ ഉച്ചയ്ക്ക് 2.30 മണിക്ക് കാഞ്ഞങ്ങാട് നഗരസഭയിലാണ് നാടകീയ രംഗങ്ങൾ. സിപിഎം അനുഭാവിയായ ശീതളിനെയാണ് ഇത്തവണ ആവിക്കര വാർഡിൽ മുസ്്ലീം ലീഗും കോൺഗ്രസ്സും സ്ഥാനാർത്ഥിയാക്കിയത്. പത്രിക നൽകിയ ശേഷം ശീതൾ, തനിക്ക് ‘കാർ’ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസറെ സമീപിച്ചിരുന്നു.

സിപിഎം പ്രവർത്തകയായ കൂട്ടുകാരിയാണ് ശീതളിനെ നഗരസഭയിലെത്തിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. നോമിനേഷൻ പിൻവലിക്കാൻ തയ്യാറാക്കിയ അപേക്ഷയിൽ ശീതളിനെ കൊണ്ട് ഒപ്പ് വെപ്പിക്കാനുള്ള ശ്രമം, മുൻ മുസ്്ലീം ലീഗ് കൗൺസിലർ ഖദീജ ഹ മീദിന്റെയും സി. എച്ച്. സുബൈദയുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുസ്്ലീം ലീഗിന്റെ മറ്റ് നേതാക്കൾ ഇടപെട്ടതോടെ ശീതൾ, കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ശീതളിന്റെ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമത്തെ തുടർന്ന് സിപിഎം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തിയതിനെ തുടർന്നാണ് സംഘർഷത്തിന് അയവു വന്നത്. സിപിഎം കുടുംബത്തിലെ അംഗമായ ശീതളിനെ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയാക്കിയത് ഭർത്താവുൾപ്പെടെ ബന്ധുക്കളുടെ സമ്മതപ്രകാരമാണെന്ന് കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചു. മുൻ നഗരസഭാ കൗൺസിലർ എ. കെ. ലക്ഷ്മിയാണ് ആവിക്കരയിൽ സിപിഎം സ്ഥാനാർത്ഥി.

LatestDaily

Read Previous

തണ്ണീർതട ഭൂമിയിൽ വി.വി.രമേശന്റെ മകൾക്ക് വഴിവിട്ട സഹായം

Read Next

ഡിവൈഎഫ്ഐ ജില്ലാ സിക്രട്ടറിയുടെ മൽസരതാൽപ്പര്യം ജില്ലാ പ്രസിഡന്റിന് വിനയായി