തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്നവരുടെ ഇരട്ടിവേതനം പലിശ സഹിതം തിരിച്ചുപിടിക്കും

ക്രമക്കേടിന് കൂട്ടുനിൽക്കുന്ന മേറ്റുമാർ ഇനി കരിമ്പട്ടികയിൽ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: തൊഴിലുറപ്പ്  ജോലിക്കിടെ മുങ്ങുന്ന തൊഴിലാളികളെ പൊക്കാനും, ഇതിന്  കൂട്ടുനിൽക്കുന്ന മേറ്റുമാരെ കരിമ്പട്ടികയിൽപ്പെടുത്താനും സർക്കാർ നിർദ്ദേശം. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്ത് ബത്ത വാങ്ങുന്ന ദിവസങ്ങളിൽ തൊഴിലുറപ്പിലും ഹാജരിട്ട് വേതനം പറ്റുന്നതും സർക്കാർ വിലക്കിയിട്ടുണ്ട്.

ഓഡിറ്റ് റിപ്പോർട്ടുകളിലും തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാരുടെ അന്വേഷണ റിപ്പോർട്ടുകളിലും ഇക്കാര്യം വലിയ ക്രമക്കേടായി ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് സർക്കാർ  നടപടി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിലെ ജനപ്രതിനിധികൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. എന്നാൽ ഹാജർ രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗത്തിലും മറ്റ് ഔദ്യോഗിക യോഗത്തിലും പങ്കെടുത്ത് ബത്ത വാങ്ങുന്നതാണ് തടഞ്ഞത്.

ഇരട്ടവേതനം എന്ന  നിലയ്ക്കാണ് തദ്ദേശ വകുപ്പിന്റെ നടപടി. ഇപ്രകാരം രണ്ട് വേതനം കൈപ്പറ്റിയവരെക്കൊണ്ട് തൊഴിലുറപ്പ് കൂലി 18 ശതമാനം പലിശ സഹിതം പദ്ധതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടപ്പിക്കാനും നിർദ്ദേശമുണ്ട്. ജനപ്രതിനിധികൾക്ക് ഇരട്ടവേതനം ലഭിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ ബന്ധപ്പെട്ട മേലധികാരികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റാത്ത മാറ്റുമാരെ ഇനി കരിമ്പട്ടികയിൽപ്പെടുത്തുകയും പദവിയിൽ നിന്നൊഴിവാക്കുകയും ചെയ്യും. സാങ്കേതിക പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അളവിനൊത്ത പ്രവൃത്തി നടപ്പാക്കിയെന്ന് ഉറപ്പാക്കണം. തൊഴിൽ ഉറപ്പ് പദ്ധതി മസ്റ്റർ റോളിൽ ഒപ്പിട്ട തൊഴിലാളികൾ മുഴുവൻ പ്രവൃത്തി സമയത്ത് ഹാജരുണ്ടെന്നുറപ്പ് വരുത്താൻ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തുകയും ഹാജരില്ലാത്തവരുടെ പേരിന് നേരെ  അബ്സന്റ് മാർക്ക് ചെയ്യുകയും വേണം.

LatestDaily

Read Previous

കുഴഞ്ഞു വീണു മരിച്ചു

Read Next

ഐ.എസ് ഭീകരർ കാസർകോട്ടുമെത്തി