റെയിൽവെ സ്റ്റേഷൻ റോഡ് ദുർഗന്ധമയം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മലിനജലം കെട്ടിക്കിടന്ന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിലൂടെയുള്ള കാൽനടയാത്ര നരകസമാനമായി. കോട്ടച്ചേരി മത്സ്യച്ചന്തയിൽ നിന്നുള്ള മലിനജലവും മഴവെള്ളവും കൂടിക്കലർന്ന് റെയിൽവെ സ്റ്റേഷൻ റോഡ് ദുർഗന്ധപൂർണ്ണമായിട്ട് കാലമേറെയായിട്ടും, അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

റെയിൽവെ അധീനതയിലുള്ള സ്ഥലമായതിനാൽ റോഡിൽ നഗരസഭയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടത്താൻ കഴിയില്ല. സാങ്കേതികത്വത്തിന്റെ പേരിലാണ് റെയിൽവെ സ്റ്റേഷൻ റോഡിലേക്കുള്ള മാലിന്യപ്പുഴ നന്നാക്കിയെടുക്കാൻ നഗരസഭയ്ക്ക് കഴിയാതെ വരുന്നത്. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയിലാണ് ചെളിവെള്ളവും മത്സ്യച്ചന്തയിലെ മലിനജലവും കെട്ടിക്കിടക്കുന്നത്.

രോഗാണുക്കളും പുഴുക്കളും നിറഞ്ഞ വെള്ളക്കെട്ട് ചവിട്ടിക്കടന്നു വേണം ട്രെയിൻ യാത്രക്കാർക്ക് റെയിൽവെ സ്റ്റേഷനിലെത്താൻ. മഴക്കാലത്ത് മൂക്ക് പൊത്താതെ ഇതുവഴി നടന്നു പോകാനുമാകില്ല. റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡ് നന്നാക്കാൻ കാഞ്ഞങ്ങാട് നഗരസഭ ശ്രമിച്ചിരുന്നുവെങ്കിലും, റെയിൽവെ സ്റ്റേഷൻ അധികൃതർ ഇതിന് ഉടക്കിടുകയായിരുന്നു. റെയിൽവെ സ്റ്റേഷൻ റോഡിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ റെയിൽവെ അധികൃതർ മറ്റുള്ളവരെ സമ്മതിക്കുകയുമില്ല, സ്വയം തയ്യാറാകുകയുമില്ല എന്നതാണ് നിലവിലെ അവസ്ഥ.

LatestDaily

Read Previous

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Read Next

കുഴഞ്ഞു വീണു മരിച്ചു