ചിമ്മിനി ഹനീഫ വധശ്രമക്കേസ്സിൽ പ്രതികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോട്ടിക്കുളത്തെ വ്യാപാരി ചിമ്മിനി ഹനീഫയെ വെടി വെച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളായ തൃശൂർ സ്വദേശികളെ ഹോസ്ദുർഗ്ഗ് കോടതിയിലെത്തിച്ച് ഡോക്ടറുടെ നേതൃത്വത്തിൽ രക്ത സാമ്പിളുകളും മുടി സാമ്പിളുകളും ശേഖരിച്ചു. 2022 ഫെബ്രുവരി 16-ന്  രാത്രി 7 മണിക്കാണ് ഹനീഫയ്ക്കെതിരെ കോട്ടിക്കുളത്ത് വധശ്രമമുണ്ടായത്.

കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘത്തിൽപ്പെട്ട തൃശൂർ മണ്ണൂത്തി മാടക്കത്തറയിലെ വി.ആർ. ദിനേശൻ 25, തൃശൂർ ഒല്ലൂരിലെ അനന്തു എന്ന മാരി 22, എന്നിവരടങ്ങുന്ന സംഘമാണ് ഹനീഫയെ കോട്ടിക്കുളത്ത് തടഞ്ഞുനിർത്തി വെടിവെച്ചത്.

ആക്രമണത്തിനിടയിൽ പ്രതികളുടെ രക്തം ഹനീഫയുടെ വസ്ത്രത്തിൽ പുരണ്ടിരുന്നു. ഇൗ രക്ത സാമ്പിളുകൾ ഒത്തുനോക്കാനാണ് തൃശൂർ ജയിലിൽ കഴിയുന്ന പ്രതികളെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ത്രേട്ട് കോടതി രണ്ടിൽ ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ച് രക്ത സാമ്പിളുകളും മുടി സാമ്പിളുകളും ശേഖരിച്ചത്.

മറ്റൊരു കേസ്സിൽ തൃശൂർ  വിയ്യൂർ ജയിലിൽ കഴിയുന്ന ഇവരെ ബേക്കൽ പോലീസ് നൽകിയ ഹർജിയെത്തുടർന്ന് പ്രൊഡക്ഷൻ വാറണ്ട് പ്രകാരമാണ് ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയത്. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ, ജില്ലാ ആശുപത്രി സൂപ്രണ്ടിന് നൽകിയ അപേക്ഷയെത്തുടർന്നാണ് കോടതിയിലേക്ക് മെഡിക്കൽ സംഘത്തെ വിട്ടുനൽകിയത്.

കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട്ടേക്ക് പ്രതികളെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും, മുഖ്യമന്ത്രി ജില്ലയിലുള്ളത് മൂലം പോലീസിന്റെ  അസൗകര്യം പരിഗണിച്ച് പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പാലക്കുന്നിൽ കാറിലിരിക്കുന്നതിനിടെയാണ് രണ്ടംഗ സംഘം ഹനീഫയെ ആക്രമിച്ചത്. സംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയും വെടിയുതിർക്കുകയും ചെയ്തത് ഭാഗ്യം കൊണ്ടാണ് ഹനീഫ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.

LatestDaily

Read Previous

ബലാത്സംഗ കേസ്സിൽ യുവാവ് റിമാന്റിൽ

Read Next

ക്വാർട്ടേഴ്സിന് മുകളിൽ നിന്നും വീണ് മരിച്ചു