കോൺഗ്രസിൽ കെ. സുധാകരൻ – വി.ഡി സതീശൻ യുദ്ധം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് കോട്ടയത്ത് വിളിച്ച പത്രസമ്മേളനത്തിൽ മൈക്കിന് വേണ്ടി പ്രതിപക്ഷനേതാവും ഡിസിസി പ്രസിഡണ്ടും നടത്തുന്ന പിടിവലി ദൃശ്യങ്ങൾ കോൺഗ്രസിലെ അന്ത:ഛിദ്രങ്ങളുടെ പ്രതിഫലനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ.

കോൺഗ്രസിൽ ആരാണ് വലുതെന്ന അവകാശ തർക്കമാണ് കോട്ടയം പത്രസമ്മേളനത്തിലുണ്ടായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കെ.പി.സി.സി പ്രസിഡണ്ടിനേക്കാൾ വലിയ അധികാരസ്ഥാനമായി പ്രതിപക്ഷനേതാവ് മാറാൻ ശ്രമിച്ചതിനെ കെ.സുധാകരൻ തന്റെ രാഷ്ട്രീയ ശക്തിയുപയോഗിച്ച് അടിച്ചൊതുക്കുകയായിരുന്നു വെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷനേതാവുമുളള ഒരു ചടങ്ങിൽ പാർട്ടി നിലപാടുകൾ പറയാൻ അധികാരം കെ.പി.സി.സി അധ്യക്ഷനാണ്. ഈ അധികാരത്തെ മറികടന്ന് പത്രസമ്മേളനത്തിൽ പാർട്ടി കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ച വി.ഡി സതീശനെ കെ. സുധാകരൻ തന്റെ ആജ്ഞാശക്തിയാൽ കീഴടക്കുകയായിരുന്നു പ്രതിപക്ഷനേതാവിന്റെ സ്ഥാനം പാർട്ടി നല്കിയതാണെന്നും ആരും പാർട്ടിക്ക് മുകളിലല്ലെന്നുമുളള ശക്തമായ സന്ദേശമാണ് കെ.സുധാകരൻ കോട്ടയം പത്രസമ്മേളനത്തിലുടെ വി.ഡി. സതീശന് നല്കിയത്.

കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും പർട്ടിക്കുള്ളിൽ രണ്ട് വഴിക്ക് സഞ്ചരിക്കുന്നവരാണെന്നും, ഇവർ തമ്മിൽ അഭിപ്രായ ഐക്യമില്ലെന്നുമുളള പരസ്യമായ സുചനയാണ് കോട്ടയം പത്രസമ്മേളനത്തിൽ കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വി.ഡി. സതീശൻ കോട്ടയം പത്രസമ്മേളനത്തിൽ പ്രകടിപ്പിച്ചത് ധാർഷ്ട്യത്തിന്റെ ശരീര ഭാഷയാണെന്നും കെ.സുധാകരൻ അനുകൂലികൾ കരുതുന്നു.

കോൺഗ്രസിൽ ഗ്രൂപ്പുവഴക്ക് പുത്തരിയല്ലെങ്കിലും നേതാക്കൾ ഇതൊന്നും പൊതുവേദിയിൽ പ്രകടിപ്പിക്കാറില്ല. കോൺഗ്രസിന്റെ സമീപ കാല ചരിത്രത്തിലൊന്നുമില്ലാത്ത വിധത്തിലാണ് കോട്ടയം പത്രസമ്മേളത്തിൽ  ഇരു നേതാക്കളും മൈക്കിന് വേണ്ടി വാശിപിടിച്ചത്. പത്രസമ്മേളനത്തിൽ പങ്കെടുത്ത അജ്ഞാതനായ കോൺഗ്രസ് പ്രവർത്തകൻ  ദ്യശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം ലോകമറിഞ്ഞത്.

കെ.സുധാകരനെ ഒതുക്കി പാർട്ടിയിൽ മേധാവിത്വമുറപ്പിക്കാനുളള വി.ഡി.സതീശന്റെ ശ്രമങ്ങൾക്കെതിരെയുളള ശക്തമായ താക്കീതാണ് കെ.സുധാകരൻ നല്കിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ  നിരീക്ഷകരുടെ പക്ഷം പാർട്ടിക്ക് മുകളിൽ അധികാരസ്ഥാനമുറപ്പിക്കാൻ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും കെ. സുധാകരൻ കോട്ടയം പത്രസമ്മേളനത്തിലൂടെ പ്രതിപക്ഷനേതാവിനോട് പറയാതെ പറഞ്ഞു. ഏ,ഐ ഗ്രൂപ്പുകളെ മൂലയ്ക്കിരുത്തി പാർട്ടിയിൽ അധീശത്വം സ്ഥാപിക്കാനുളള വി.ഡി.സതീശന്റെ ശ്രമങ്ങൾക്കാണ് പാർട്ടി പ്രവർത്തകർ കണ്ണൂർ  സിംഹമെന്ന് വിളിക്കുന്ന കെ.സുധാകരൻ വിലങ്ങിട്ടത്.     

LatestDaily

Read Previous

10 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 81 വർഷം തടവും മൂന്നര ലക്ഷം പിഴയും

Read Next

ബാലകൃഷ്ണൻ കൊല; ചെക്കനെ തേടുന്നു