ബദിയടുക്ക വാഹനാപകടം: മരണവീട്ടിലേക്കുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു

ബദിയടുക്ക: ബദിയഡുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസ് ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്ത് പ്രദേശവാസികൾ ദൃക്‌സാക്ഷിയായത് ദയനീയ രംഗങ്ങൾക്ക്. മരിച്ച ഓട്ടോ ഡ്രൈവർ അബ്ദുർ റഊഫിനെ കുറിച്ച് മാത്രമേ ആദ്യം വിവരങ്ങൾ ലഭിച്ചിരുന്നുള്ളൂ. തിങ്കളാഴ്ച വൈകീട്ട് 5.20 മണിയോടെ നടന്ന അപകടത്തിന്റെ യഥാർഥ വിവരം ഒന്നര മണിക്കൂറിന് ശേഷമാണ് വ്യക്തമായത്.

മരിച്ച സ്ത്രീകളിൽ മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ 50, ഇസ്മായിലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവർ സഹോദരിമാരാണ്. ഇവരുടെ ബന്ധു കൂടിയായ ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്തിമയാണ് 60 മരിച്ച മറ്റൊരാൾ. ബദിയഡുക്ക നെക്കരയിൽ ഒരു മരണവീട്ടിലേക്ക് പോവുകയായിരുന്നവരാണ് അപ്രതീക്ഷിത ദുരന്തത്തിന് ഇരയായത്. പെർള ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയും, കുട്ടികളെ ഇറക്കി ബദിയഡുക്ക ഭാഗത്തേക്ക് വരികയായിരുന്ന സ്കൂൾ ബസുമാണ് കൂട്ടിയിടിച്ചത്.

ബസ്സിൽ കുട്ടികളാരും ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്ന നിലയിലാണ്. അപകട മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംഭവം ദുഃഖകരമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം  ഇന്ന് പുലർച്ചെയോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പൂർത്തിയാക്കി.  

നഫീസയുടെ മൃതദേഹം ബെള്ളൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിലും ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്തിമയുടെ മൃതദേഹം കോട്ടക്കുന്ന് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിലും ഉസ്മാന്റെ ഭാര്യ ബീഫാത്തിമയുടെ മൃതദേഹം മൊഗർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിലും ഉമ്മു ഹലീമയുടെ മൃതദേഹം മൊഗ്രാൽ പുത്തൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിലും റഊഫിന്റെ മൃതദേഹം തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിലും ഖബറടക്കി.

LatestDaily

Read Previous

ബശീറിനെതിരെ പ്രതിഷേധം കനത്തു

Read Next

രാമന്തളിയിൽ ബോംബുകളും വടിവാളും കണ്ടെത്തി