ഹെൽത്ത് കാർഡ് കാഞ്ഞങ്ങാട്ട് അട്ടിമറിക്കപ്പെട്ടു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡെടുക്കണമെന്നുള്ള സർക്കാർ നിർദ്ദേശം കാഞ്ഞങ്ങാട്ട് അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യ വിഷബാധയേറ്റ് ചിലർ മരിക്കുകയും മറ്റു ചിലർ ആശുപത്രിയിൽ ചികിത്സയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഹെൽത്ത് കാർഡ് നിർബ്ബന്ധമാക്കിയത്.

കാഞ്ഞങ്ങാട് നഗരസഭയുടെ ഭൂരിഭാഗം ഹോട്ടലുകളിലും തട്ടുകടകൾ ഭക്ഷ്യസ്ഥാപനങ്ങൾ എന്നിവയിലും യാതൊരുവിധ ലൈസൻസോ ഹെൽത്ത് കാർഡുകളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. തട്ടുകടകളിൽ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ച് വരുന്ന ജലം പരിശോധിച്ച് ഗുണമേന്മയുറപ്പ് വരുത്തേണ്ട ആരോഗ്യ വകുപ്പ് അധികൃതർ തട്ടുകടകളിൽ ഒന്നെത്തി നോക്കുക പോലും ചെയ്യാറില്ല.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അനുമതിയും ഹെൽത്ത് കാർഡുമില്ലാത്ത സ്ഥാപനങ്ങൾ തുറക്കുവാൻ അനുവദിക്കരുതെന്നാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. കാഞ്ഞങ്ങാട് നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ മുഴുവൻ സ്ഥലം മാറ്റുകയും സിക്രട്ടറിയുടെ ഒഴിവിലേക്ക് ഹെൽത്ത്  സൂപ്പർ വൈസർക്ക് അധിക ചുമതല നൽകി നിയമിക്കുകയും ചെയ്തതോടെ ആരോഗ്യ വിഭാഗത്തിലെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണ്.

LatestDaily

Read Previous

കുട്ടികളുടെ യാത്രാ നിരക്ക് ഉയർത്തി റെയിൽവെ നേടിയത് 2,800 കോടി രൂപ

Read Next

തട്ടുകടയിലെ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നു