ലേറ്റസ്റ്റിന് കല്ലെറിഞ്ഞ കേസ്സിൽ പമ്പുടമയെ പോലീസ് ചോദ്യം ചെയ്തു

പെട്രോൾ പമ്പിൽ രാത്രിയിൽ പാർക്ക് ചെയ്തത് ഏഴു ലൈൻ ബസ്സുകൾ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ലേറ്റസ്റ്റ്  പത്രമാപ്പീസിന്റെ ഗെയിറ്റിന് സ്ഥാപിച്ചിരുന്ന മൂന്ന് ഇലക്ട്രിക് വെളിച്ചങ്ങൾ രാത്രിയിൽ തല്ലിത്തകർത്ത കേസ്സിൽ കൊവ്വൽപ്പള്ളിയിലെ പെട്രോൾ പമ്പ് ലൈസൻസി ജ്യോതിഷിനെ പോലീസ് അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇൗ കേസ്സിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത കൊവ്വൽപ്പള്ളിയിലെ മാമുഷാജിക്ക് 48, ലേറ്റസ്റ്റ് കെട്ടിടത്തിന് കല്ലെറിയാൻ പ്രേരണ നൽകിയെന്ന സൂചനയെത്തുടർന്നാണ് പമ്പുടമ ജ്യോതിഷിനെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

കേസ്സിലെ പ്രതി മാമുഷാജിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നാണ് ജ്യോതിഷ് പോലീസിന് മൊഴി നൽകിയതെങ്കിലും, പോലീസ് പമ്പുടമയുടെ മൊഴി പൂർണ്ണമായും വിശ്വസിക്കുന്നില്ല. ജ്യോതി ലൈസൻസിയായ ഭാരത് പെട്രോളിയം പമ്പിനകത്തുള്ള സ്ഥലത്ത് തലങ്ങും വിലങ്ങും സന്ധ്യ കഴിഞ്ഞാൽ ലൈൻ ബസ്സുകൾ നിർത്തിയിടുകയും ഇത് പമ്പിൽ പെട്രോളടിക്കാനെത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടാകുകയും ചെയ്യുന്നതായി നിരവധി വാഹന ഉടമകൾ ലേറ്റസ്റ്റ് പത്രാധിപരോട് പരാതി പറഞ്ഞിരുന്നു.

രണ്ടാഴ്ച മുമ്പ് രാത്രി 9 മണിക്ക് ശേഷം പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് കാറുമായി ഇൗ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയപ്പോൾ, പമ്പിൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് പടിഞ്ഞാറുഭാഗത്ത് ഒരുലൈൻ ബസ്സ് നിർത്തിയിട്ട്   മറ്റുവാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ച നിലയിൽ സ്ഥലം പൂർണ്ണമായും ബ്ലോക്ക് ചെയ്തിരുന്നു. ഇതേക്കുറിച്ച് പമ്പിൽ ആ ദിവസം ഇന്ധനം നിറയ്ക്കുന്ന യുവാവിനോട് ആരാഞ്ഞപ്പോൾ, എല്ലാ പമ്പുകളിലും ബസ്സുകൾ രാത്രി പാർക്ക് ചെയ്യാറുണ്ടെന്ന് ധിക്കാര രൂപത്തിൽ യുവാവ് മറുപടി പറയുകയായിരുന്നു.

പമ്പിലെ പരാതി പുസ്തകം ആവശ്യപ്പെട്ടപ്പോൾ, പരാതി പുസ്തകം ഇല്ലെന്ന് മടിക്കൈ സ്വദേശിയായ യുവാവ് ആദ്യം  പറയുകയും ചെയ്തു. ഇതേത്തുടർന്ന് പമ്പിൽ ഇന്ധനം നിറയ്ക്കുന്ന സ്ഥലം ബ്ലോക്ക് ചെയ്ത് നിലയിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ലൈൻ ബസ്സുടമകളുടെ പടം പത്രാധിപർ എടുത്തപ്പോൾ, മടിക്കൈ യുവാവ് പമ്പ് ഓഫീസിൽ നിന്ന് പരാതി പുസ്തകം എടുത്തുകൊടുക്കുകയും പത്രാധിപർ ലൈൻ ബസ്സുകൾ പമ്പിൽ പാർക്ക് ചെയ്ത കാര്യം പരാതി പുസ്തകത്തിൽ എഴുതുകയും ചെയ്തിരുന്നു.

ഇൗ സമയം ജ്യോതിഷിന്റെ പമ്പിൽ ഏഴു ലൈൻ ബസ്സുകളാണ് പാർക്ക് ചെയ്തു കണ്ടത്. പെട്രോൾ പമ്പുകളിൽ ഒരു കാരണത്താലും ബസ്സെന്ന് വേണ്ട ഒരു ഓട്ടോ പോലും പാർക്ക് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. ബസ്സിനകത്ത് നിന്ന് രാത്രിയിൽ ജീവനക്കാർ  പുകവലിക്കുകയോ തീയുരക്കുകയോ ചെയ്താൽ ചെറിയൊരു തീപ്പൊരി വീണാൽ പമ്പ് തന്നെ പൊട്ടിത്തെറിക്കാനിടയാക്കുന്ന അപകടമായിരിക്കും നടക്കുക.

പത്രാധിപർ കുറിച്ച പരാതിയെത്തുടർന്ന് ബാരത് പെട്രോളിയത്തിന്റെ കണ്ണൂരിലുള്ള ഏരിയാ മാനേജർ മണികണ്ഠൻ  അരവിന്ദൻ മാണിക്കോത്തിനെ ഫോണിൽ വിളിക്കുകയും ബസ്സുകൾ ഇനി പമ്പിൽ പാർക്ക് ചെയ്യില്ലെന്ന് അറിയിക്കുകയും പമ്പ് ലൈസൻസിയായ ജ്യോതിഷിനെ ഫോൺ കണക്ട് ചെയ്ത് കോൺഫറൻസിലിട്ട് ഇനി ബസ്സുകൾ പമ്പിൽ പാർക്ക് ചെയ്തതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ജ്യോതിഷിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

താങ്കൾ പരാതിക്കാരനെ നേരിൽക്കണ്ട് വിഷയത്തിൽ ക്ഷമാപണം നടത്തണമെന്നും ഏരിയാ മാനേജർ ജ്യോതിഷിനോട് പറഞ്ഞുവെങ്കിലും, ജ്യോതിഷ് പിന്നീട് പത്രാധിപരെ പ്രസ്തുത വിഷയത്തിൽ ഫോണിലെങ്കിലും ഒന്ന് വിളിക്കുക പോലും ചെയ്തിരുന്നില്ല. പത്രമാപ്പീസിന് കല്ലെറിഞ്ഞ പ്രതി മാമുഷാജിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പമ്പുടമ പറഞ്ഞത് കളവാണെന്ന് കൊവ്വൽപ്പള്ളി നിവാസികളിൽ ചിലർ വെളിപ്പെടുത്തി.

മിക്ക ദിവസങ്ങളിലും  കൊവ്വൽപ്പള്ളിയിലുള്ള എക്സ്പ്രസ് ഹൈപ്പർ മാർക്കറ്റ് പരിസരത്ത് സന്ധ്യ മുതൽ രാത്രി 10 മണി വരെ കസേരയിട്ട് ഇരിക്കാറുള്ള ജ്യോതിഷും മാമുഷാജിയും നല്ല ചങ്ങാതിമാരാണ്. മദ്യവും പണവും കൊടുത്താൽ ഏതൊരാളുടെ വീടിനും, സ്ഥാപനത്തിനും കല്ലെറിയുന്നതിൽ മിടുക്കനാണ് പ്രതി മാമുഷാജി. പ്രതി മാമുഷാജിയും ജ്യോതിഷും തമ്മിലുള്ള രാത്രികാല കൂടിക്കാഴ്ചകളുടെ ഡിജിറ്റൽ തെളിവുകൾ തേടുകയാണ് പോലീസ്. സിപിഎം കൊവ്വൽപ്പള്ളി കണ്ടത്തിൽ ബ്രാഞ്ച് സിക്രട്ടറിയാണ് ജ്യോതിഷ്.

LatestDaily

Read Previous

വീട്ടിൽ നിന്നും എംഡിഎംഏ പിടികൂടി

Read Next

ചികിത്സാ വാഗ്ദാനത്തിൽ 1.75 കോടി തട്ടിയെടുത്തു