ഗണേശ ഘോഷയാത്രാ വിവാദത്തിൽ മിണ്ടാനാകാതെ ബിജെപി

സ്വന്തം ലേഖകൻ

നീലേശ്വരം : ആത്മഹത്യ ചെയ്ത ക്രിമിനൽ കേസ് പ്രതിയുടെ ചിത്രം ആലേഖനം ചെയ്ത കൊടി ഗണേശോത്സവയാത്രയിൽ ഉപയോഗിച്ചതിനെക്കുറിച്ച് വിശദീകരിക്കാനാകാതെ  ബിജെപി പ്രതിസന്ധിയിൽ. നീലേശ്വരത്ത് നടന്ന ഗണേശോത്സവ യാത്രയ്ക്കിടെയാണ് കാസർകോട്ടെ ആർഎസ്എസ് ബിജെപി പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജ്യോതിഷിന്റെ ചിത്രം പതിപ്പിച്ച കൊടി ബിജെപി അനുഭാവികൾ ഉപയോഗിച്ചത്.

കാസർകോട് പോലീസ് റജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജ്യോതിഷ്. പാർട്ടി പ്രവർത്തനത്തിനിടെയുണ്ടായ ആക്രമ സംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട ജ്യോതിഷിനെതിരെയുള്ള ക്രിമിനൽ കേസുകളിൽ നിയമ സഹായം ലഭ്യമാക്കാൻ പോലും പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഇതേത്തുടർന്നുള്ള മാനസിക സമ്മർദ്ദത്തെത്തുടർന്നാണ് ജ്യോതിഷ് ജീവനൊടുക്കിയത്.

ജ്യോതിഷിനെ അനുകൂലിക്കുന്നവർ ഇതേത്തുടർന്ന് കാസർകോട്ടെ ബിജെപി ഓഫീസ് പൂട്ടിയിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും, ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാറും പാർട്ടി വിമതരെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. ഗണേശോത്സവ ഘോഷയാത്രയിൽ ആത്മഹത്യ ചെയ്ത ആർ.എസ്.എസ്. പ്രവർത്തകന്റെ ചിത്രം പതിച്ച കൊടി ഉപയോഗിച്ചതിന്റെ യുക്തി നീലേശ്വരം സ്വദേശികൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

പ്രസ്തുത സംഭവത്തിൽ നീലേശ്വരത്തെ ബിജെപി നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയിലെ ഗ്രൂപ്പ് വഴക്കിന്റെ പ്രകടനമാണ് നീലേശ്വരത്ത് ഗണേശോത്സവ യാത്രയ്ക്കിടെയുണ്ടായത്. ജ്യോതിഷ് ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് ബിജെപി നേതൃത്വത്തെ ഓർമ്മപ്പെടുത്താൻ ഗണേശോത്സവ ഘോഷയാത്രയെ ഒരുവിഭാഗം ബിജെപി പ്രവർത്തകർ മറയാക്കുകയായിരുന്നുവെന്നാണ് സൂചന.

നിയമസഭാ സ്പീക്കർ ഏ.എൻ. ഷംസീറിന്റെ ഗണപതിയെക്കുറിച്ചുള്ള പരാമർശത്തിനെതിരെ കേരളം മുഴുവൻ ഇളക്കി മറിച്ച പ്രചരണം നടത്തിയ ബിജെപിക്ക് ഗണേശോത്സവ ഘോഷയാത്രയെ പാർട്ടി നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനമാക്കി മാറ്റിയതിന് മറുപടി പറയേണ്ടി വരും. ബിജെപിയുടെ ഗണപതി ഭക്തി കപടഭക്തിയാണെന്നും വിമർശനമുയർന്നിട്ടുണ്ട്. സാർവ്വജനിക ഗണേശോത്സവത്തെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷ യാത്രകൾ നടന്നിരുന്നുവെങ്കിലും നീലേശ്വരത്ത് മാത്രമാണ് അത് ബിജെപി നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനം പോലെയായത്.

LatestDaily

Read Previous

വിദ്വേഷ മുദ്രാവാക്യം: പ്രതികൾ പൊതുരംഗത്ത്, പോലീസ് കാണാമറയത്ത്

Read Next

വീട്ടിൽ നിന്നും എംഡിഎംഏ പിടികൂടി