കാഞ്ഞങ്ങാട് ടൗൺ ഇരുട്ടിന്റെ നഗരമായിട്ടും അനങ്ങാതെ അധികൃതർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ടൗണിലെ വെളിച്ചക്കുറവ് കാൽനടയാത്രക്കാരന്റെ ജീവനെടുത്തിട്ടും കണ്ണടച്ച തെരുവുവിളക്കുകൾ കത്തിക്കാൻ ശ്രമിക്കാതെ നഗരസഭ. ഞായറാഴ്ച രാത്രിയാണ് കാഞ്ഞങ്ങാട് ടൗണിൽ സീബ്രാവര മുറിച്ചു കടക്കുകയായിരുന്ന പുതിയവളപ്പിലെ പി.വി. ബാബു 58, കണ്ടെയ്നർ ലോറിയിടിച്ച് മരിച്ചത്. വെളിച്ചക്കുറവ് മൂലം റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കാണാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ  ആരോപിക്കുന്നു.

കാഞ്ഞങ്ങാട് ടൗണിൽ ബസ്്സ്റ്റാന്റിന് സമീപത്തെ സീബ്രാവര മുറിച്ചു കടക്കുമ്പോഴാണ് പി.വി. ബാബു ലോറി തട്ടി മരിച്ചത്. ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ദിവസങ്ങളായെങ്കിലും, അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. കാഞ്ഞങ്ങാട് ടൗണിൽ എംഎൽഏ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് നോക്കുകുത്തിയായത്.

യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സിഗ്നൽ സംവിധാനങ്ങളൊന്നുമില്ലാത്ത കാഞ്ഞങ്ങാട്ട് റോഡിലെ സീബ്രാവര മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാർ ജീവനോടെ മറുവശത്തെത്തുന്നത് ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ട് മാത്രമാണ്. ഗതാഗത നിയമങ്ങൾ തെറ്റിച്ചുള്ള കാഞ്ഞങ്ങാട്ടെ വാഹന ഡ്രൈവിംഗിനെതിരെ പോലീസും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

ദേശീയപാത വഴി പോകേണ്ട കൂറ്റൻ ചരക്കുലോറികളും ഇന്ധന ടാങ്കറുകളും സമയം ലാഭിക്കാനാണ് കെഎസ്ടിപി  റോഡ് വഴി ഓടുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയപാത വഴിയുള്ള യാത്രയെ നരകതുല്യമാക്കിയിട്ടുണ്ട്.

രാത്രികാലങ്ങളിൽ ടൗണിൽ പ്രകാശം പരത്തേണ്ട വിളക്കുകാലുകളിൽ ഭൂരിഭാഗവും തകരാറിലായതോടെയാണ് കാഞ്ഞങ്ങാട് ടൗൺ ഇരുട്ടിന്റെ ലോകമായത്. കത്താതെ കിടക്കുന്ന ഹൈമാസ്റ്റ് വിളക്കുകാലുകൾ നഗരസഭാ അധികൃതരുടെ അനാസ്ഥയുടെ സ്മാരകങ്ങളായിത്തീർന്നിട്ട് നാളേറെയായിട്ടും നഗരസഭാ ഭരണസമിതി മുഖം താഴ്ത്തിയിരിപ്പാണ്.

LatestDaily

Read Previous

യുവതിക്ക് ഭർതൃ കാമുകിയുടെ മർദ്ദനം

Read Next

വിദ്വേഷ മുദ്രാവാക്യം: പ്രതികൾ പൊതുരംഗത്ത്, പോലീസ് കാണാമറയത്ത്