മോട്ടോർ  ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടോർ വെഹിക്കിൾ ഓഫീസിലും  വിജിലൻസ് റെയ്ഡ്

കാസർകോട്: ബേളയിൽ സ്ഥാപിച്ച മോട്ടോർ വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടോർ വെഹിക്കിൾ ഓഫീസിലും വിജിലൻസ് റെയ്ഡ് . വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് റേഞ്ച് വിജിലൻസ് പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ  വിജിലൻസ് ഡിവൈ.എസ്.പി വികെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.  കാസർകോ ട് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ ബേളയിൽ ആധുനിക സൗകര്യങ്ങളോട് കൂടി നിർമ്മിച്ച ടെസ്റ്റ് ഗ്രൗണ്ട്    വർഷങ്ങളായി കാട് മൂടി കിടക്കുന്നു.

4 കോടി രൂപയോളം ചെലവഴിച്ചാണ് ആധുനിക സജ്ജികരണങ്ങളോടെ ടെസ്റ്റ് ഗ്രൗണ്ട് പൂർത്തികരിച്ചത്. ടെസ്റ്റ് ഗ്രൗണ്ടിൽ 50 ൽ അധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.  ജർമ്മൻ ടെക്നോളജിയിൽ വികസിപ്പിച്ച് ജർമനിയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥാപിച്ച് 4 വർഷത്തോളമാകുന്നു. സുമാർ രണ്ട് ഏക്കർ സ്ഥല ത്ത് ടെസ്റ്റ് ഗ്രൗണ്ടിന് ആവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും സ്ഥാപിച്ച് പ്രവൃത്തി പൂർത്തികരിച്ചിട്ടും ഇതു വരെയായി ഡ്രൈവിംഗ് ടെസ്റ്റിനും അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കാതെ വെയിലും മഴയുമേറ്റ് നശിച്ചത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് റെയ്ഡിൽ കണ്ടെത്തി.   

നിരവധി ക്യാമറകളുടെ മുന്നിൽ ടെസ്റ്റ് നടത്തുമ്പോൾ അനധികൃതമായി ഒന്നും ചെയ്യാൻ കഴിയില്ലയെന്ന തിരിച്ചറിവാണ് ഈ സംവിധാനം ഉപയോഗിക്കുന്നതിൽ  ഉദ്യോഗസ്ഥർ താത്പര്യം കാണിക്കാത്തതെന്നും വിജിലൻസ് സംശയിക്കുന്നു. ഗ്രൗണ്ട് ഇതവരെയായി ഉപയോഗിക്കാത്തതിനാൽ  സ്ഥാപിച്ച യന്ത്ര ഭാഗങ്ങളും ക്യാമറകളും ഇതുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഇനത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്. 

കിറ്റ് കോയുടെ കൺസൽട്ടൻസിയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തികരിച്ചത്. 2021 ജനുവരിയിൽ പ്രവൃത്തി പൂർത്തികരിച്ച് വകുപ്പിന് കൈമാറിയിട്ടും ഇവിടെ പ്രവർത്തനം തുടങ്ങാതെ  സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുന്ന  ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർക്ക് പരിശോധന റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

LatestDaily

Read Previous

ശശിധരന്റെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

Read Next

ട്രെയിൻ യാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശി തൃക്കരിപ്പൂരിൽ കുടുങ്ങി