ഒളിച്ചോട്ടം ഭീരുത്വമാണ്

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവർ സംഘടിപ്പിച്ച സംഗമത്തിൽ കോൺഗ്രസ്സും , മുസ്ലീം ലീഗും പങ്കെടുക്കാതെ ഒഴിഞ്ഞുമാറി നിന്നത് രാഷ്ട്രീയത്തിലെ മനുഷ്യത്വമില്ലായ്മയെ കുറിച്ചാണ് ഓർമ്മിപ്പിക്കുന്നത്. തട്ടിപ്പിനിരയായി സമ്പാദ്യം മുഴുവൻ നഷ്ടമായ നൂറ് കണക്കിന് ആളുകളുടെ പരിദേവനങ്ങൾക്ക് ചെവി കൊടുക്കാൻ പോലും തയ്യാറാതെ മാറിനിന്ന രാഷ്ട്രീയ കക്ഷികളുടെ നിലപാട് പ്രതിഷേധാർഹവുമാണ്.

ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരമുണ്ടാക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനം സാർത്ഥകമാകുന്നത്. ഇതിന് പകരം തട്ടിപ്പുകാരുടെ പക്ഷം ചേർന്ന രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിനിരയായയവരുടെ വേദനകൾക്ക് നേരെ കണ്ണടക്കുകയാണ് ചെയ്തിരിക്കുന്നത്.  ഒരു തവണയെങ്കിലും ഇരകളുടെ വാക്കുകൾക്ക് ചെവി കൊടുക്കാത്ത രാഷ്ട്രീയ നേതാക്കൾ ജില്ലയെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പിന് കുട പിടിക്കുകയാണെന്ന് തന്നെ പറയാം.

നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറിയതിൽ ലീഗ് നേതാക്കൾക്ക് അവരുടെതായ ന്യായീകരണങ്ങൾ ഉണ്ടായിരിക്കാമെങ്കിലും കോൺഗ്രസ്സിനെ പോലെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ തട്ടിപ്പിനിരയായയവരുടെ ആകുലതകൾക്ക് മുന്നിൽ മുഖം തിരിച്ച് നിന്നത് എന്തിനെന്ന് വ്യക്തമല്ല.

തട്ടിപ്പിനിരയായ നൂറുകണക്കിനാൾക്കാരുടെ കദനങ്ങളുടെയും കണ്ണീരിന്റെയും നേരെ കണ്ണടച്ച് ഘടക കക്ഷിയായ മുസ്ലീം ലീഗിനെ സുഖിപ്പിക്കുന്ന നടപടി ഭൂഷണമാണോയെന്ന് കോൺഗ്രസ്സ് നേതാക്കൾ ആത്മ പരിശോധന നടത്തണം. നിക്ഷേപകർക്ക് നഷ്ടമായ കോടികളുടെ സമ്പാദ്യം തിരിച്ചു കിട്ടാൻ രാഷ്ട്രീയത്തിനതീതമായി ഇടപെടേണ്ട ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കളാണ് അവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ഒളിച്ചോടിയിരിക്കുന്നത്. ഇത് തീർത്തും ഖേദകരമാണ്.

തങ്ങളുടെ പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരം കിട്ടുമെന്ന് പ്രതീക്ഷയിലാണ് നൂറിലധികം വരുന്ന ഫാഷൻ ഗോൾഡ് നിക്ഷേപകർ ഒത്തു ചേർന്നത്. സമ്പാദ്യം നഷ്ടപ്പെട്ട് തീരാദുരിതത്തിലായവരാണ് ഇവരിൽ ഭൂരിഭാഗവും. ദുരിതത്തിൽ മുങ്ങിത്താഴുന്നവർക്ക് കച്ചിത്തുരുമ്പിന്റെ സഹായം പോലും എറിഞ്ഞു നൽകാതെ മാറി നിന്ന് രസിച്ചവർ മനുഷ്യവേദനകൾ തിരിച്ചറിയാത്ത പുതിയ രാഷ്ട്രീയത്തിന്റെ വക്താക്കൾ കൂടിയാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ യോഗം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ പൂർത്തീകരിച്ചാൽ മാത്രമെ നിക്ഷേപകർക്ക് നീതി ലഭിക്കുകയുള്ളു. നിക്ഷേപത്തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് കണ്ടുെകട്ടി അവ നിക്ഷേപകർക്ക് വീതിച്ച് നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. എംഎൽഏക്കെതിരെയുള്ള വഞ്ചനാക്കേസ്സുകളുടെ നിയമ നടപടികളും കുറ്റപത്രം തയ്യാറാക്കുന്നതുമടക്കമുള്ള തുടർപ്രക്രിയക്ക് കാലതാമസമുണ്ടായേക്കാവുന്ന സാഹചര്യത്തിൽ നിയമ നടപടികൾ കൊണ്ടു മാത്രം നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല.

ജ്വല്ലറി നിക്ഷേപം വഴി സ്വരൂപിച്ച പണം മറ്റെതേങ്കിലും മേഖലയിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അവ കണ്ടുകെട്ടി തട്ടിപ്പിനിരയായവർക്ക് തിരികെ കൊടുക്കുന്നതുവരെയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. ഈ വിഷയത്തിൽ രാഷ്ട്രീയ പരിഗണനകളെല്ലാം മാറ്റിവെച്ച് തട്ടിപ്പിനിരയായവർക്കൊപ്പം ചേരുകയാണ് മുഴുവൻ രാഷ്ട്രീയ പാർട്ടികളും ചെയ്യേണ്ടത്. ഇക്കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അനുകരിക്കാവുന്നതാണ്.

LatestDaily

Read Previous

കോവിഡ് പരിശോധന ഭയന്ന വൃദ്ധൻ തൂങ്ങി മരിച്ചു

Read Next

പതിനാറുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ