മകനെ കിണറ്റിലെറിഞ്ഞ് കൊന്ന മാതാവിന് അറസ്റ്റ് വാറണ്ട്

കാസര്‍കോട്: ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരാകാതിരുന്ന മാതാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബദിയടുക്ക കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദക്കെതിരെയാണ് 28,  കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഒന്നരവയസുള്ള മകന്‍ സാത്വികിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശാരദ. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം കോടതിയില്‍ നടക്കേണ്ടതായിരുന്നു. ഹാജരാകാന്‍ കോടതി നോട്ടീസും അയച്ചിരുന്നു. എന്നാല്‍ സാക്ഷികള്‍ മാത്രമാണ് ഹാജരായത്. പ്രതിയെത്തിയില്ല.  ഇതേ തുടര്‍ന്നാണ് ഇന്നലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണ നിര്‍ത്തിവെച്ച കോടതി ശാരദയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.

2020 ഡിസംബര്‍ നാലിന് രാവിലെ 9.15 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശാരദ തന്റെ കുഞ്ഞിനെ പെര്‍ളത്തടുക്ക കൊറഗതനിയ ദേവസ്ഥാനം കെട്ടിടത്തിന്റെ മതിലിന് സമീപത്തുള്ള കിണറിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബവീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ ശാരദ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടുകാര്‍ ഇതിന് വിസമ്മതിച്ചു. സാത്വികിനെ പിരിയാനുള്ള വിഷമം കൊണ്ടാണ് വീട്ടുകാര്‍ മാറിതാമസിക്കുന്നതിനെ  എതിർത്തത്.

കുടുംബവീട്ടില്‍ നിന്ന് മാറിതാമസിക്കാന്‍ കുഞ്ഞ് തടസമാണെന്ന് കണ്ടതിനാലാണ് ശാരദ സാത്വികിനെ കൊലപ്പെടുത്തിയതെന്നാണ് ബദിയടുക്ക പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിഞ്ഞിരുന്ന ശാരദക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വിചാരണവേളയില്‍ ഹാജരാകാതെ ജാമ്യവ്യവസ്ഥ ലംഘിച്ചതോടെയാണ് ജാമ്യം റദ്ദാക്കിയത്.

LatestDaily

Read Previous

റിട്ട. ബാങ്ക് മാനേജർ കെ.എൻ. സതീശൻ അന്തരിച്ചു

Read Next

കാസർകോട് പീപ്പിൾസ് വെൽഫെയർ സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പ്