ഹജ്ജ്  സേവനത്തിൽ തീർത്ഥാടകരിൽ അതൃപ്തി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്നും പോയ ഹജ്ജ് തീർത്ഥാടകർക്ക് പുണ്യനഗരികളായ മക്കയിലും മദീനയിലും ഏർപ്പെടുത്തിയ സൗകര്യങ്ങൾ സംബന്ധിച്ച് വ്യാപക അസംതൃപ്തി. പുറപ്പെടൽ കേന്ദ്രങ്ങളിലെ വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടകരെ പുണ്യ നഗരിയിലേക്ക്  കയറ്റി വിട്ടാൽ തങ്ങളുടെ ഉത്തരവാദിത്തം തീർന്നുവെന്ന മട്ടിലായിരുന്നു കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ പ്രവർത്തനം.

ഹജ്ജ് യാത്രികർക്ക് സേവനത്തിന് ഹജ്ജ് കമ്മിറ്റി നിയോഗിച്ച വാളണ്ടിയർമാർ മുൻ പരിചയമില്ലാത്തവരായിരുന്നു. ഭാഷാപരിജ്ഞാനവും വളണ്ടിയർമാർക്കുണ്ടായിരുന്നില്ല. ജിദ്ദയിലും മദീനയിലും വിമാനമിറങ്ങിയത് മുതൽ തുടങ്ങിയ ദുരിതം തിരിച്ച് വിമാനം കയറുന്നത് വരെ തുടരുകയായിരുന്നു. ഇത് സംബന്ധിച്ച് ഹാജിമാരിൽ നിന്ന് ഒപ്പ് ശേഖരിച്ച് ഹജ്ജിന്റെ  ചുമതലയുള്ള കേന്ദ്ര സംസ്ഥാന മന്ത്രിമാർക്കും, കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻമാർക്കും പരാതി നൽകാനുള്ള നീക്കങ്ങളിലാണ് വിശ്വാസികൾ.

ജിദ്ദയിൽ ഇറങ്ങിയത് മുതൽ കെ.എം.സി.സി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ വളണ്ടിയർമാരുടെ സേവനമാണ് തീർത്ഥാടകർക്ക് ഉപകാരപ്പെട്ടത്. മുറികളിൽ എത്തിയ പല തീർത്ഥാടകർക്കും ഉംറ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ പോലും ഹജ്ജ് കമ്മിറ്റിയും വളണ്ടിയറും ഏർപ്പെടുത്തിയിരുന്നില്ല. അസീസിയയിലെ താമസസ്ഥലത്ത് നിന്ന് സ്വന്തം നിലയിൽ ഹറമിൽ പോയ സ്ത്രീകളിൽ പലർക്കും വഴി തെറ്റി അലയേണ്ടി വന്നു.

മക്കയിൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഹറമിൽ എത്താൻ കഴിയാതിരുന്ന തീർത്ഥാടകരുമുണ്ടായിരുന്നുവെന്ന് കരിപ്പൂർ വഴി ഹജ്ജിന് പോയ ഡോ. ആയിഷബി പറഞ്ഞു. മറ്റുരാജ്യക്കാർ നൽകിയ ഭക്ഷണം കഴിക്കേണ്ടി വന്നവരുമുണ്ടായിരുന്നു. മിനായിൽ പല തീർത്ഥാടകർക്കും ലഭിച്ച ടെന്റുകളിൽ തീരെ സൗകര്യമില്ലായിരുന്നു. ഹജ്ജിന്റെ മർമ്മമായ അറഫ മൈതാനിയിൽ നിശ്ചിത സമയത്ത് സംഗമത്തിനെത്താൻ പലർക്കും കഴിഞ്ഞില്ലെന്നും ഡോ. ആയിഷബി പറഞ്ഞു.

മക്കയിലും മദീനയിലും ഹാജിമാർക്ക് സേവനം നൽകാൻ ഹജ്ജ് കമ്മിറ്റിയുടെ വക ആരുമുണ്ടായിരുന്നില്ലെന്ന് നെടുമ്പാശ്ശേരി വഴി ഹജ്ജിന് പോയ ആലുവയിലെ അബ്ദുനാസർ പറഞ്ഞു. മദീനയിൽ വസ്ത്രങ്ങൾ ഉൾപ്പെട്ട ബാഗേജുകൾ കിട്ടാൻ നാലുദിവസം വരെ കാത്തിരിക്കേണ്ടി വന്നവരുമുണ്ട്. ഹോട്ടൽ സൗകര്യങ്ങളിലെ അപര്യാപ്തതയും അബ്ദുനാസർ ചൂണ്ടിക്കാട്ടി.

രണ്ട് വിമാനങ്ങളിലെ നാനൂറ് പേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു ഹജ്ജ് കമ്മിറ്റി വളണ്ടിയർമാരെ നിയോഗിച്ചത്. ഇപ്രകാരം നിശ്ചയിക്കപ്പെട്ട വളണ്ടിയർമാരിൽ നല്ലൊരു വിഭാഗത്തിനും അറബി, ഹിന്ദി, ഉറുദു ഭാഷകൾ വശമില്ലായിരുന്നു. മുമ്പ് ഹജ്ജ് ചെയ്ത പരിചയവും പല വളണ്ടിയർമാർക്കുമുണ്ടായിരുന്നില്ല.വയോധികർ ഉൾപ്പെടെയുള്ള തീർത്ഥാടകർക്ക് താമസ സൗകര്യം ലഭിക്കാൻ ദീർഘ നേരം കാത്തിരിക്കേണ്ടി വന്നതായി കൊടിയത്തൂർ സ്വദേശി റഫീഖ് പറഞ്ഞു.

LatestDaily

Read Previous

കുട്ടി ഡ്രൈവിംഗ് തുടരുന്നു, പാഠം പഠിക്കാതെ രക്ഷിതാക്കൾ

Read Next

വെളിച്ചത്തെ ഭയക്കുന്നവർ