ഇഖ്ബാൽ ഹൈസ്കൂളിൽ ഓണാഘോഷ വിവാദം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : അജാനൂർ ഇഖ്ബാൽ ഹയർ സെക്കഡറി സ്കൂൾ സംഘടിപ്പിച്ച ഓണാഘോഷത്തിൽ യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാത്തതിനെത്തുടർന്ന് വിദ്യാർത്ഥികൾ ഹോട്ടൽ മുറി വാടകയ്ക്കെടുത്ത് ഓണാഘോഷം നടത്തി. സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയുമാണ് സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാളും പടിക്ക് പുറത്ത് നിർത്തിയത്.

യൂണിഫോമില്ലാതെ ഓണാഘോഷത്തിൽ പങ്കെടുപ്പിക്കില്ലെന്ന് പ്രിൻസിപ്പാളും സ്കൂളധികൃതരും കടുംപിടുത്തം നടത്തിയതോടെയാണ് വിദ്യാർത്ഥി സംഘം അജാനൂർ തെക്കേപ്പുറത്തെ ഹോട്ടലിൽ മുറിയെടുത്ത് പ്രത്യേകമായി ഓണമാഘോഷിച്ചത്. വിദ്യാർത്ഥികൾ ഹോട്ടലിൽ ഓണാഘോഷം നടത്തിയതിനെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ യുദ്ധം നടക്കുന്നുണ്ട്.

വിദ്യാർത്ഥികൾക്കെതിരെയുള്ള കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയ കമന്റുകളിൽ ഏറെയും. പതിനായിരം രൂപ വാടക നൽകി സ്വകാര്യ ഹോട്ടലിൽ ഓണാഘോഷം നടത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെയാണ് വിമർശനങ്ങളേറെയും. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഓണാഘോഷ പരിപാടികൾ നടന്നിരുന്നു. മിക്ക സ്കൂളുകളും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഓണാഘോഷ ദിനത്തിൽ കേരളീയ വേഷമണിയാൻ അനുവാദവും നൽകി.

ഇഖ്ബാൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഓണാഘോഷ ദിനത്തിൽ സ്കൂളിന് വെളിയിൽ നിൽക്കേണ്ടി വന്നത്. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെയും പ്രിൻസിപ്പാളിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. ഓണാഘോഷ ദിനത്തിൽ സ്കൂളിൽ നിന്നും പടിയിറക്കപ്പെട്ട വിദ്യാർത്ഥികൾ അജാനൂർ തെക്കേപ്പുറത്തെ സ്വകാര്യ റസിഡൻസി മുറി വാടകയ്ക്കെടുത്ത് ഓണാഘോഷം നടത്തി ഓണസദ്യയുമുണ്ടാണ് പിരിഞ്ഞത്.

LatestDaily

Read Previous

അജാനൂർ പഞ്ചായത്ത് പരിധിയിൽ നിറയെ അനധികൃത നിർമ്മാണങ്ങളും, സ്ഥാപനങ്ങളും

Read Next

നീലേശ്വരം ആകാശപ്പാത വിഷയം തുറന്ന രാഷ്ട്രീയ യുദ്ധത്തിലേക്ക്