അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും കൈ മലർത്തുന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കേരള ഹൈക്കോടതി യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുമാറ്റാൻ ഉത്തരവിട്ട അനധികൃത കെട്ടിടം നാട്ടുകാർ പൊളിച്ചുമാറ്റിയ നടുക്കമുണ്ടാക്കുന്ന സംഭവത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ടി. ശോഭയും ഉപാദ്ധ്യക്ഷൻ കെ. സബീഷും കൈമലർത്തുന്നു. അതിഞ്ഞാൽ കോയാപ്പള്ളിക്ക് തൊട്ട് കെഎസ്ടിപി റോഡിന് കിഴക്കുഭാഗത്ത് സർക്കാർ പുറമ്പോക്ക് ഭൂമിയിൽ തീർത്തും കൈയ്യൂക്കിന്റെ ബലത്തിൽ പണി തീർത്ത അനധികൃത കെട്ടിടമാണ് ആഗസ്റ്റ് 27-ന്  ഞായറാഴ്ച നാട്ടുകാർ പൊളിച്ചുമാറ്റിയത്.

ഇൗ അനധികൃത കെട്ടിടത്തിന്റെ തൊട്ടുപിറകിൽ വീടുവെച്ചു താമസിക്കുന്ന ഫൗസിയയുടെയും ഇതര കുടുംബങ്ങളുടെയും വീടുകളിലേക്ക് നടന്നുപോകാനുള്ള പൊതുവഴിയിലാണ് ഇൗ അനധികൃത കെട്ടിടം മസിൽ പവറിന്റെ ബലത്തിൽ മാത്രം പണിതുയർത്തിയത്. ഭർത്താവ് പ്രവാസിയായ ഫൗസിയ ഇൗ അനധികൃത നിർമ്മാണം ആരംഭിച്ചതു മുതൽ പരാതിയുമായി അജാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എത്രയോ തവണകൾ പരാതിയുമായി നടന്നുകയറിയെങ്കിലും, പുസ്തകത്തിലില്ലാത്ത ഓരോ ന്യായങ്ങൾ നിരത്തി ഗ്രാമപഞ്ചായത്ത് അധികാരികൾ ഫൗസിയയെ തിരിച്ചയക്കുകയായിരുന്നു.

ഏറ്റവുമൊടുവിൽ നീതി തേടിയാണ് ഫൗസിയ കേരള ഹൈക്കോടതിയിൽ ഹരജിയുമായെത്തിയത്. ഇൗ ഹരജിയുടെ തീർപ്പിൽ ( 2023 മാർച്ച് 16) ഉത്തരവ് പുറപ്പെടുവിച്ച തീയ്യതി മുതൽ 3 മാസത്തിനകം അതിഞ്ഞാലിലെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ ഹൈക്കോടതി ജസ്റ്റീസ് പി. ഗോപിനാഥ് അജാനൂർ ഗ്രാമപഞ്ചായത്ത് സിക്രട്ടറിയോട് ആവശ്യപ്പെട്ടുവെങ്കിലും, ഇൗ ഉത്തരവ് അജാനൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ഇൗയിടെ സ്ഥലം മാറിപ്പോയ സിക്രട്ടറി ശ്രീകുമാരി പൂഴ്്ത്തിവെച്ചതിന്റെ പിന്നിൽ മറ്റൊരു കളി നടന്നിട്ടുണ്ട്.

കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഹൈക്കോടതി ഉത്തരവിന് ശേഷം പഞ്ചായത്ത് ട്രിബ്യൂണലിൽ എതൃകക്ഷി തിരുവക്കോളി റഹ്മത്തുള്ളയ്ക്ക് വീണ്ടും പരാതി നൽകാനുള്ള സാവകാശം സ്വയം അറിഞ്ഞു കൊണ്ടുതന്നെയാണ് സിക്രട്ടറി കൊല്ലത്തുകാരി ശ്രീകുമാരി  അതി രഹസ്യമായി ഒപ്പിച്ചു കൊടുത്തത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാത്തതിന് കാരണമെന്താണെന്ന് ചോദിച്ച ഫൗസിയയോട് ശ്രീകുമാരിയമ്മയും ചില ഗ്രാമപഞ്ചായത്തംഗങ്ങളും പറഞ്ഞത് കെട്ടിടമുടമ ട്രിബ്യൂണലിൽ പരാതി  സമർപ്പിച്ചതിനാൽ ട്രിബൂണൽ ഉത്തരവുവരെ കാത്തിരിക്കണമെന്ന പച്ചക്കള്ളമാണ്.

പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ സിപിഎമ്മിലെ കെ. സബീഷിനേയും ട്രിബ്യൂണലിൽ പരാതിയുണ്ടെന്ന് ശ്രീകുമാരി തെറ്റിദ്ധരിപ്പിച്ചു. ഇൗ വസ്തുതകളെല്ലാം നാൾക്കുനാൾ നടന്നുവരുന്നതിനിടയിൽ അനധികൃത കെട്ടിടം പണിത സമ്പന്നന്റെ ഒരു പ്രതിനിധി ഗ്രാമപഞ്ചായത്തിൽ ഇടയ്ക്കിടെ പാത്തും പതുങ്ങിയും വന്ന് സിക്രട്ടറിയെ കണ്ടുപോയ കാര്യം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

LatestDaily

Read Previous

ഹൈക്കോടതിക്ക് സലാം സലാം: ഫൗസിയ

Read Next

സിക്രട്ടറിയുടെ കെട്ടിടം പൊളിക്കൽ തെരുവ്നാടകം സിപിഎം  ഭരിക്കുന്ന  ഗ്രാമപഞ്ചായത്തിൽ