ഓണാഘോഷത്തിൽ കരിനിഴൽ വീഴ്ത്തി യുവാക്കളുടെ മരണം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഓണാഘോഷങ്ങളുടെ ആഹ്ലാദം തല്ലിക്കെടുത്തി ജില്ലയിൽ ഇന്നലെ രണ്ട് അപകട മരണങ്ങൾ. വെസ്റ്റ് എളേരി പഞ്ചായത്തിൽ കുന്നുംകൈയിലും ചെറുവത്തൂർ മുഴക്കോം നാപ്പച്ചാലിലാണ്  രണ്ട് അപകട മരണങ്ങൾ നടന്നത്. എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിയും കണ്ണൂർ  ചെറുപുഴ  വാണിയൻകുന്ന് കാരിയതുമ്പള്ളി വീട്ടിൽ പ്രേമന്റെ മകനുമായ അഭിഷേക് പ്രേമാണ്  19, ഇന്നലെ കുന്നുംകൈ ചെമ്പൻകുന്നിലുണ്ടായ വാഹനാപകടത്തിൽ രക്തം വാർന്ന് മരിച്ചത്. ഏളേരിത്തട്ട് കോളേജിലെ ബികോം രണ്ടാംവർഷ വിദ്യാർത്ഥിയാണ്.

ചെമ്പകുന്ന് വളവിൽ അഭിഷേക് പ്രേം  ഓടിച്ചിരുന്ന കെ.എൽ. 59 എൻ 9079 നമ്പർ മോട്ടോർ സൈക്കിളിന് പിന്നിൽ കെ.എൽ.79.ഏ.3570 നമ്പർ കാറിടിച്ചാണ് യുവാവ് മരിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ നാട്ടുകാർ ഉടൻ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ ചെമ്പൻകുന്നിൽ ഓണാഘോഷം നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം.

ഇന്നലെ  ചെറുവത്തൂർ മുഴക്കോം നാപ്പച്ചാലിൽ നടന്ന ഓണാഘോഷത്തിൽ  പങ്കെടുത്ത യുവാവിനെയും ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി. നാപ്പച്ചാലിലെ നാരായണൻ- ബാലാമണി ദമ്പതികളുടെ മകനും നിർമ്മാണത്തൊഴിലാളിയുമായ വിപിൻലാലിനെയാണ് 30, ഇന്ന് പുലർച്ചെ നാപ്പച്ചാലിലെ ഏ.വി. സ്മാരക മന്ദിരത്തിന്  സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ ക്ലബ്ബിൽ  നടന്ന ഓണാഘോഷ പരിപാടികളിൽ രാത്രി മുഴുവൻ സജീവമായിരുന്നു.       

ഇന്ന് പുലർച്ചെ പത്രവിതരണത്തിനെത്തിയ ആളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് കെട്ടിടത്തിൽ നിന്നും വീണുമരിച്ചതാണെന്ന് സംശയിക്കുന്നു. കുന്നുംകൈയിൽ യുവാവിന്റെ  മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ചിരുന്നയാൾക്കെതിരെ ചിറ്റാരിക്കാൽ പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.

LatestDaily

Read Previous

ചന്ദനം കടത്തിയ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി പിടിയിൽ

Read Next

പടന്നക്കാട്ട് സിപിഎം പ്രവർത്തകർക്ക് നേരെ മുസ്ലിം ലീഗ് ആക്രമണം; 4 പേർക്ക് പരിക്ക്