ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പലതും തുറന്നുപറയുമെന്ന കെ. മുരളീധരന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രംഗത്തെത്തിയതോടെ കോൺഗ്രസിൽ അടുത്ത അങ്കത്തിനുള്ള ആചാരവെടി മുഴങ്ങി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്നതായി നടത്തിയ പ്രഖ്യാപനത്തിലാണ് കെ. മുരളീധരൻ എം.പി. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചിലത് തുറന്നുപറയാനുണ്ടെന്ന് പ്രഖ്യാപിച്ചത്.
കെ. കരുണാകരന് സ്മാരകം പണിയുന്നതിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തിരക്കിൽ നിന്ന് മാറി നിൽക്കാനാഗ്രഹിക്കുന്നതെന്നാണ് കെ. മുരളീധരൻ പറയുന്നത്. കെ. മുരളീധരന്റെ തുറന്നുപറച്ചിൽ ഭീഷണിക്കെതിരെ ശക്തമായ ഭാഷയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. കോൺഗ്രസിനെ നശിപ്പിക്കുന്നതരത്തിൽ മുരളീധരൻ പ്രവർത്തിച്ചാൽ തനിക്കും പലതും പറയാനുണ്ടെന്നാണ് ഉണ്ണിത്താന്റെ വെല്ലുവിളി.
പാർട്ടിക്കെതിരെ വരുന്നവർ എത്ര ഉന്നതരായാലും കൈകാര്യം ചെയ്യുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നത് നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ആജന്മ വൈരികളായ കെ. മുരളീധരനും ഉണ്ണിത്താനും തമ്മിൽ പലതവണ കൊമ്പുകോർത്തിട്ടുണ്ട്. കെ. മുരളീധരനെ ഉണ്ണിത്താൻ വിമർശിച്ച ഭാഷയിൽ എതിർ പാർട്ടിക്കാർ പോലും വിമർശിച്ചിട്ടുണ്ടാകില്ല.
കോൺഗ്രസ് അഖിലേന്ത്യാ പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവായി ഒതുക്കിയതിനെതിരെയുള്ള അതൃപ്തി പുകയുന്നതിനിടയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ അടുത്ത വിവാദത്തിന് വഴി മരുന്നിട്ടിരിക്കുന്നത്. കുറെ വർഷങ്ങളായി പ്രത്യേക ക്ഷണിതാവെന്ന രീതിയിൽ മാത്രം പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തലയെ ഇക്കുറിയും പ്രവർത്തക സമിതിയിലുൾപ്പെടുത്താത്തതിൽ രമേശ് ചെന്നിത്തല ഗ്രൂപ്പിന് അമർഷമുണ്ട്.
പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ടിനെ ഇ.ഡി. ചോദ്യം ചെയ്യുകയും പുനർജ്ജനി വിദേശ ഫണ്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിജിലൻസ് അന്വേഷണ നിഴലിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിന് പുറമെയാണ് കോൺഗ്രസിനെ ഉലയ്ക്കുന്ന ആഭ്യന്തര പ്രതിസന്ധി കൂടി കേരളത്തിൽ രൂക്ഷമായത്. കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിൽ വെല്ലുവിളി നടത്തിയ രാജ്മോഹൻ ഉണ്ണിത്താന്റെ നീക്കം വരാനിരിക്കുന്ന ദിവസങ്ങളിൽ കോൺഗ്രസിനെ ഉലയ്ക്കുന്ന കൊടുങ്കാറ്റായിത്തീരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.