സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പ് തർക്കം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : സംയുക്ത മുസ്്ലീം ജമാഅത്ത് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഹിതപരിശോധനയിലൂടെ ജനറൽ സിക്രട്ടറിയെ തെരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട് പ്രാദേശിക മഹല്ല് ജമാഅത്തുകളിൽ അതൃപ്തി പടരുന്നു. ഹിതപരിശോധനയെ ചോദ്യം ചെയ്ത് കൊളവയൽ ജമാഅത്തിൽ നിന്നുള്ള അഷ്റഫ് കൊളവയലും തെക്കേപ്പുറം ജമാഅത്തിൽ നിന്നുള്ള ഹമീദ് ചേരക്കാടത്തുമാണ് കോടതിയെ സമീപിച്ചത്.

ഇവരുൾക്കൊള്ളുന്ന ജമാഅത്തുകൾക്ക് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത് വിശദീകരണമാവശ്യപ്പെട്ട് കത്തയച്ചത് ഉൾക്കൊള്ളാൻ ഇരുജമാഅത്ത്  കക്ഷികളും സന്നദ്ധമായിട്ടില്ല. സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറിയുടെ കത്ത് മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് കൊളവയൽ ജമാഅത്ത് പ്രവർത്തക സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന തെക്കേപ്പുറം ജമാഅത്ത് കമ്മിറ്റിയോഗത്തിൽ സംയുക്ത ജമാഅത്ത് കമ്മിറ്റി യോഗത്തിൽ സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറിയുടെ കത്ത് പരിഗണനയ്ക്ക് വന്നുവെങ്കിലും കത്ത് പരിഗണിക്കേണ്ടതില്ലെന്നായിരുന്നു പൊതുവെയുണ്ടായ അഭിപ്രായം. വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കിടെ ഹമീദ് ചേരക്കാടത്തിനെ കയ്യേറ്റം ചെയ്യാൻ ചിലർ ശ്രമം നടത്തിയിരുന്നു. എന്നാൽ കമ്മിറ്റിയിൽ ഭൂരിപക്ഷാഭിപ്രായം ഹമീദിന് അനുകൂലമാവുകയാണുണ്ടായത്.

സംയുക്ത ജമാഅത്ത് പ്രസിഡണ്ടായ സി. കുഞ്ഞാമത് ഹാജി പാലക്കി പ്രസിഡണ്ടായ തെക്കേപ്പുറം ജമാഅത്തിലേക്ക് ജനറൽ സിക്രട്ടറി കത്തയച്ച രീതിയും ചോദ്യം ചെയ്യപ്പെട്ടു. സംയുക്ത ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള അതിഞ്ഞാൽ മുസ്്ലീം ജമാഅത്ത് തീരുമാനം വാർഷിക പൊതുയോഗം ശരിവെച്ചതോടെ മറ്റുപല ജമാഅത്തുകളും അതിഞ്ഞാൽ ജമാഅത്തിന്റെ നിലപാടിനനുകൂലമായി നിൽക്കുന്നുണ്ട്.

മാണിക്കോത്ത് മുസ്്ലീം ജമാഅത്തിലും സംയുക്ത ജമാഅത്തിന്റെ നിലപാടിനെതിരായ അഭിപ്രായങ്ങൾക്കാണ് മുൻതൂക്കം കിട്ടിയത്. വിഷയം ജനറൽബോഡിയിൽ ചർച്ചയ്ക്ക് വരുത്താനുള്ള നീക്കമാണ് മാണിക്കോത്ത് ജമാഅത്തിൽ ഒരുവിഭാഗം നടത്തുന്നത്. ഇപ്രകാരം പുതിയകോട്ട ജുമാഅത്ത് കമ്മിറ്റിയിലും സംയുക്ത ജമാഅത്തിന്റെ നിലപാടുകൾക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്.

സംയുക്ത ജമാഅത്തിന്റെ സഹഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട അനുഭവ സമ്പത്തും പ്രവർത്തന പരിചയവുമുള്ള മുതിർന്നവരെ കൊച്ചാക്കി പുതുതായി വന്നവർക്ക് മുൻഗണന നൽകിയതും ആക്ഷേപങ്ങൾക്കിട വരുത്തിയിട്ടുണ്ട്.  മലയോര മേഖലയിൽ നിന്നുള്ള താരതമ്യേന അംഗ സംഖ്യ കുറഞ്ഞ ജമാഅത്തുകളെ ഉപയോഗപ്പെടുത്തി അംഗസംഖ്യ കൂടിയ തീരദേശത്തുള്ള ജമാഅത്തുകളെ ദുർബ്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെയും വിമർശനമുയരുന്നുണ്ട്.

തീരദേശങ്ങളിലുള്ള പ്രാദേശിക ജമാഅത്തുകളിൽ നൂറുകണക്കിന് കുടുംബങ്ങൾ ഓരോ ജമാഅത്തിലുമുള്ളപ്പോൾ മലയോര പ്രദേശത്തെ ജമാഅത്തുകളിൽ അമ്പതിൽത്താഴെ കുടുംബങ്ങളുള്ള ജമാഅത്തുകളുമുണ്ട്. എന്നാൽ വളരെക്കൂടുതൽ കുടുംബങ്ങളുള്ള ജമാഅത്തുകൾക്കും ഏറ്റവും കുറവ് കുടുംബങ്ങൾക്കുള്ള ജമാഅത്തുകൾക്കും ഒരേ പ്രാതിനിധ്യം നൽകുന്നതിലെ വൈരുദ്ധ്യവും പ്രകടമാണ്. പൊതുസമൂഹത്തിന്റെ അംഗീകാരം പിടിച്ച് പറ്റിയ സംയുക്ത മുസ്്ലീം ജമാഅത്തിനെ അവമതിക്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സംയുക്ത ജമാഅത്തിന്റെ ഭാരവാഹികളിൽ നിന്ന് തന്നെയുണ്ടാകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

LatestDaily

Read Previous

ഗഫൂർ ഹാജിയുടെ കാണാതായ സ്വർണ്ണമെവിടെ; ഉത്തരമില്ലാതെ പോലീസ്

Read Next

ഓട്ടോ ഡ്രൈവർ ജീവനൊടുക്കി