ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും തക്ക സമയത്തുള്ള ഇടപെടലിൽ പുനർജ്ജനി. ഇന്ന് രാവിലെ 8-30 മണിക്കാണ് കൊയോങ്കര മൃഗശുപത്രിക്ക് മുൻവശത്തെ വാടക ക്വാർട്ടേഴ്സിൽ മുപ്പത്തിയാറുകാരിയായ ഭർതൃമതി ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തേക്ക് കുതിച്ചെത്തിയ ചന്തേര പോലീസും  തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥരുമാണ് ആത്മഹത്യ ശ്രമം വിഫലമാക്കിയത്. ചെറുപുഴ പാടിച്ചാൽ സ്വദശിനിയും തൃക്കരിപ്പൂർ പേക്കടത്തെ മരംവെട്ട് തൊഴിലാളി മുഹമ്മദ് സാലിഹിന്റെ ഭാര്യയുമായ സൈഫുന്നീസയാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വിവരമറിഞ്ഞ് ചന്തേര എസ്ഐ, മുരളി, തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർകെ.എം. ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനിതാ പോലീസ് ഉദ്യോഗസ്ഥർ സൈഫുന്നീസയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അടച്ചിട്ട വാതിൽ ചവിട്ടിത്തുറന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് വെള്ളം ചീറ്റിച്ച് ദേഹത്തൊഴിച്ച പെട്രോൾ നിർവ്വീര്യമാക്കുകയായിരുന്നു. ഭർത്താവിന്റെ മദ്യപാന ശീലത്തിൽ മനം നൊന്താണ് രണ്ട് മക്കളുടെ മാതാവായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

LatestDaily

Read Previous

4 പേരുടെ മരണം അജാനൂരിനെ ദുഃഖസാന്ദ്രമാക്കി

Read Next

റെയിൽവെ ട്രാക്കിൽ പരിശോധന; അമ്പതോളം പേർ കസ്റ്റഡിയിൽ