മഞ്ചേശ്വരത്തെ വാഹനമോഷണ സംഘം പയ്യന്നൂരിൽ പിടിയിൽ

പയ്യന്നൂർ: കണ്ടോത്തെവർക്ക്ഷോപ്പ് കുത്തിതുറന്ന് കാറുമായി കടന്നുകളഞ്ഞ  അന്തർ സംസ്ഥാന കവർച്ച സംഘം പയ്യന്നൂരിലെത്തിയത് മഞ്ചേശ്വരം ഉപ്പളയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി. കർണ്ണാടകയിൽ നിന്നും ജയിലിൽ നിന്നിറങ്ങിയ  മലപ്പുറം പുളിക്കൽ കിഴക്കയിൽ വീട്ടിൽ അജിത് 23, തൃശൂർ ചാലക്കുടി എരയകുടി ചെമ്പാട്ടെ ആർ.സി. റിയാസ് 22 എന്നിവരെ കാർ മോഷണകേസിൽ പിടികൂടിയ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു മോഷണത്തിന്റെ  വിവരം പുറത്തുവന്നത്.

ഉപ്പള റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട കെ.എൽ.14. ഇ. 7949 നമ്പർ ബൈക്ക് മോഷ്ടിച്ച സംഘം സംഭവ ദിവസം രാത്രി പയ്യന്നൂരിലെത്തുകയായിരുന്നു. ബൈക്ക് കണ്ടോത്തെ ടി. പി. ഗാരേജിന് സമീപം ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രിയിലാണ് കണ്ടോത്ത് പ്രവർത്തിക്കുന്ന ടി പി ഓട്ടോ ഗാരേജിന്റെ  പൂട്ട് പൊളിച്ച് കവർച്ച സംഘം റിപ്പയറിംഗ് പണി പൂർത്തിയാക്കി സൂക്ഷിച്ച തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശി പി.കെ. ഇർഷാദിന്റെ ഉടമസ്ഥതയിലുള്ള കെ. എൽ.60.കെ.0957 നമ്പർ കാർ കടത്തിക്കൊണ്ടുപോയത്.

19 ന് രാവിലെ ഉടമ വർക്ക്ഷോപ്പ് തുറന്നപ്പോഴാണ് കാർ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പോലീസിന് കൈമാറി. കാറിനകത്ത് സൂക്ഷിച്ചിരുന്ന  ഉടമയുടെ മൊബൈൽ ഫോൺ കേസന്വേഷണത്തിൽ നിർണ്ണായക വഴിതിരിവായി. തുടർന്ന് പോലീസ് സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് മാറാട്  കാർ കണ്ടെത്തി മോഷ്ടാക്കളെ പിടികൂടി പയ്യന്നൂരിലെത്തിക്കുകയായിരുന്നു. നിരവധി കവർച്ച കേസുകളിൽ പ്രതികളായ ഇവർ കർണ്ണാടകയിലെ മോഷണക്കേസിൽ മംഗളൂരുവിലെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് പയ്യന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് കാറുമായി കടന്നു കളഞ്ഞത്.

പ്രതികളുടെ മൊഴി പ്രകാരം ബൈക്ക് മോഷണത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ്,  മോഷണം നടന്നത് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് മഞ്ചേശ്വരം പോലീസിന് കൈമാറി. കാർ മോഷണക്കേസിൽ പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

LatestDaily

Read Previous

നഗ്ന വീഡിയോ കോൾ പണത്തിന് വേണ്ടി അന്വേഷണം തുടരുന്നു

Read Next

യുവാക്കൾ കടലിൽ വീണ് മരിച്ചു