ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേഡകം : കുണ്ടംകുഴി ആസ്ഥാനമായി നടന്ന 66 കോടിയുടെ ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടണമെന്ന പോലീസിന്റെ ശിപാർശ പരിഗണന കാത്ത് നീളുന്നു. കൂടുതൽ ലാഭ വിഹിതവും പലിശയും വാഗ്ദാനം ചെയ്ത് 66 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ബേഡകം പോലീസ് റജിസ്റ്റർ ചെയ്ത 22 എഫ്ഐആറുകളാണ് സിബിഐയ്ക്ക് കൈമാറാൻ പോലീസ് ശിപാർശ ചെയ്തിരിക്കുന്നത്.
റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 66 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് കണക്കാക്കിയിട്ടുള്ളത്. ഡി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന നിക്ഷേപത്തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടെങ്കിലും, പലരും അപമാനം ഭയന്ന് പരാതി നൽകാൻ തയ്യാറായിട്ടില്ല. ജിബിജി നിക്ഷേപത്തട്ടിപ്പ് കേസുകൾക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസുകൾ സിബിഐയ്ക്ക് വിടണമെന്ന് ലോക്കൽ പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്.
കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവും യാഥാർത്ഥ്യമായിരുന്നില്ല. ഡി. വിനോദ്കുമാർ, പെരിയ നിടുവോട്ട് പാറയിലെ ഗംഗാധരൻ നായർ എന്നിവരടക്കം നിക്ഷേപത്തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിന് ശേഷം ജയിലിൽ നിന്ന് പുറത്തുവന്നത് ഈയിടെയാണ്. പ്രതികൾക്കെല്ലാം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികളുടെ നേതൃത്വത്തിൽ തൃശൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചിട്ടിക്കമ്പനിയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ ബഡ്സ് ആക്ട് കൂടി ചുമത്തിയിട്ടുള്ളതിനാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. തട്ടിപ്പിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് പ്രതികൾ കർണ്ണാടകയിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് ബേഡകം പോലീസ് കർണ്ണാടകയിലും പരിശോധന നടത്തിയിരുന്നു.