സിനിമാ നടിക്കെതിരെ റിട്ട.ഡിവൈഎസ്പിയുടെ അന്യായം കോടതി ഫയലിൽ സ്വീകരിച്ചില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കൊല്ലം സിനിമാ നടിക്കെതിരെ റിട്ടയേർഡ് ഡിവൈഎസ്പി തൃക്കരിപ്പൂർ ഇയ്യക്കാട്ടെ വി. മധുസൂദനൻ 60, ഫയൽ ചെയ്ത അന്യായം കോടതി ഫയലിൽ സ്വീകരിച്ചില്ല. നടി ഫോണിൽ വിളിച്ച് തന്നോട് 2 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും, ഈ പണം ലേറ്റസ്റ്റ് പത്രാധിപരെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് ഏൽപ്പിക്കണമെന്നും പറഞ്ഞാണ് തീർത്തും കളവായ ഒരു പരാതി വി. മധുസൂദനൻ ബേക്കൽ പോലീസിന് നൽകിയത്.

ഈ പരാതി തീർത്തും അസത്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെത്തുടർന്ന് ബേക്കൽ പോലീസ് മധുവിന്റെ പരാതിയിൽ തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് മധുസൂദനൻ ഇതേ പരാതി ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേട്ട് രണ്ടാം കോടതിയിൽ സ്വകാര്യ അന്യായമായി ബോധിപ്പിച്ചത്.

കൊല്ലം സിനിമാ നടിയെ മദ്യം കുടിപ്പിക്കാൻ നിർബന്ധിച്ചുവെന്നതിനും, ലൈംഗിക ആവശ്യത്തിന് കൂടെക്കിടക്കാൻ ബലം പ്രയോഗിച്ചുവെന്നതിനും, നടിയുടെ പരാതിയിൽ ബേക്കൽ പോലീസ്  രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ്സിൽ മധുസൂദനനെ ഒന്നാം പ്രതിയാക്കിയ കുറ്റപത്രം ബേക്കൽ പോലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത് രണ്ടാഴ്ച മുമ്പാണ്.

ഇതിന് പിന്നാലെയാണ് ഇതേ സിനിമാ നടി, തന്നെ രാത്രി 11 മണിക്ക് ഫോണിൽ വിളിച്ച് കേസ്സ് ഒതുക്കാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നാണ് മധുസൂദനന്റെ പുതിയ വ്യാജ പരാതി. ഈ ഹരജി ന്യായാധിപൻ 2023  സപ്തംബർ 20 ലേക്ക് മാറ്റി. അന്യായക്കാരൻ മധുസൂദനന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്നതിനാണ് അന്യായം സപ്തംബർ 20-ലേക്ക് കോടതി മാറ്റി വെച്ചത്. മധുസൂദനന്റെ ഹരജിയിൽ മജിസ്ത്രേട്ട് കൊല്ലം  സിനിമാ നടിയുടെയും, ലേറ്റസ്റ്റ് പത്രാധിപരുടെയും പേരിൽ കേസ്സ് രജിസ്റ്റർ ചെയ്തുവെന്ന ഒരു വ്യാജ വാർത്ത കാഞ്ഞങ്ങാട്ടെ ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു.

ഈ വാർത്തയിൽ മധുവിന്റെ ലൈംഗിക പീഡനത്തിനിരയായ കൊല്ലം സിനിമാ നടിയുടെ ഊരും പേരും ഭർത്താവിന്റെ പേരും പ്രസിദ്ധീകരിച്ചിരുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന ഇരകളുടെ ഊരും പേരും പുറത്തുവിടുന്നതും, പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്.

LatestDaily

Read Previous

തലശ്ശേരിയിൽ ദൽഹി ബന്ധമുള്ള യുവതിയടക്കം അഞ്ചംഗ ലഹരി സംഘം അറസ്റ്റിൽ

Read Next

ഭൂമി തരം മാറ്റുന്നതിന് ഇടപെടുന്നത് ഇടനിലക്കാർ