വീട്ടമ്മയ്ക്ക് നീതി കിട്ടി, റവന്യൂ ഡ്രൈവർക്ക് പണിപോയി

Latest Online News

കാഞ്ഞങ്ങാട്: തഹസിൽദാർ അറിയാതെ ജീപ്പുമായി കറങ്ങി വാഹന പരിശോധന പതിവാക്കിയ താത്ക്കാലിക ജീവനക്കാരനെ ഡ്രൈവർ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ താത്ക്കാലിക ജീവക്കാരൻ പരപ്പ സ്വദേശി ജെരാൾഡ് ജോർജിന്റെ ജോലിയാണ് തെറിച്ചത്.

ഡെപ്യൂട്ടി തഹസിൽദാറുമായി ഔദ്യോഗിക വാഹനത്തിൽ ചെന്ന് പരപ്പയിലെ നിർധന കുടുംബത്തിന്റെ വീട് പണിക്കായി നടന്നുകൊണ്ടിരുന്ന മണ്ണെടുപ്പ ് തടയുകയും, ബലപ്രയോഗത്തിൽ വീട്ടമ്മയുടെ പക്കൽ നിന്നും ജിയോളജി വകുപ്പ് നൽകിയ രേഖകൾ പിടിച്ച് വാങ്ങുകയും ചെയ്ത, ഡ്രൈവറുടെ നടപടി കണ്ട് വീട്ടമ്മ ബോധരഹിതയായി വീഴുകയായിരുന്നു. നാട്ടുകാർ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകുകയും, പിന്നീട് വീട്ടമ്മയായ പരപ്പയിലെ ജമീല, ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകുകയും ചെയ്തു. 

ജമീലയുടെ പരാതിക്ക് പിന്നാലെ ഡെപ്യൂട്ടി തഹസിൽദാർ സുജ, ജോലി തടസ്സപ്പെടുത്തിയെന്ന പരാതിയുമായി പോലീസിലെത്തിയിരുന്നു. വെള്ളരിക്കുണ്ട് സിഐ കെ. പ്രേംസദൻ നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ പരാതിയിൽ സത്യമുണ്ടെന്ന് കണ്ട് ആർഡിഒ യേയും, വെള്ളരിക്കുണ്ട് തഹസിൽദാർക്കും റിപ്പോർട്ട് നൽകുകയും ചെയ്തു.  റവന്യു വിഭാഗം നടത്തിയ അന്വേഷണത്തിലും താത്കാലിക ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തി.

ജില്ലാ കളക്ടർ ഡി. സജിത്ത് ബാബു വിഷയത്തിൽ ഇടപെടുകയും തന്റെ നിർദ്ദേശ പ്രകാരമല്ല താത്കാലിക ഡ്രൈവർ, ഡപ്യൂട്ടി തഹസിൽദാരുടെ വണ്ടിയുമായി പരിശോധനക്കിറങ്ങിയതെന്ന് തഹസിൽദാർ ജില്ല കലക്ടർക്ക് മറുപടി നൽകുകയും ചെയ്തു. ഡ്രൈവർക്കൊപ്പം പരിശോധനക്കെത്തിയ ഡെപ്യൂട്ടി തഹസിൽദാരെ ഡ്രൈവർ തെറ്റിദ്ധരിപ്പിച്ചതാണെനെന്നും വ്യക്തമായി മണ്ണ് നീക്കാൻ, വീട്ടമ്മയുടെ പക്കൽ ആവശ്യമായ രേഖകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. നാല് വർഷമായി യുവാവ് റവന്യു വിഭാഗത്തിൽ ഡ്രൈവർ ജോലിയിലുണ്ട്. വിഷയത്തിൽ പോലീസ് നടത്തിയ സമഗ്രമായ ഇടപെടലും പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ യഥാസമയം റവന്യൂ അധികൃതർക്ക് വിവരം കൈമാറിയതും ജീവനക്കാരനെതിരെ വകുപ്പുതല നടപടിക് വേഗം വർദ്ധിപ്പിച്ചു.

LatestDaily

Read Previous

ഡോക്ടർ കെ.സതീഷ് ഷേണായ് അന്തരിച്ചു

Read Next

അഴിമതിയെ വെള്ള പൂശരുത്